ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്: മുഖ്യമന്ത്രിയ്ക്ക് പരാതി
1338584
Wednesday, September 27, 2023 12:44 AM IST
നെടുമങ്ങാട് : അപേക്ഷ നൽകി ദിവസങ്ങളായിട്ടും സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് സിപിഐ പ്രവർത്തകർ വില്ലേജ് ഓഫീസറെ ഉപരോധിച്ചതിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം നേതാക്കൾക്കെതിരെയെടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.
പിഎസ്സിക്ക് നൽകാനായി ബ്രാഞ്ച് സെക്രട്ടറി പദ്മകുമാറിന്റെ ഭാര്യ ജീബ കൃഷ്ണൻ, ആതിര ബാബു എന്നിവരായിരുന്നു സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. 13ന് വൈകിട്ട് നാലിന് മുൻപായി സർട്ടിഫിക്കറ്റ് പിഎസ്സിക്ക് നൽകേണ്ടതായിരുന്നു.
സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് പാർട്ടി നേതൃത്വം വില്ലേജ് ഓഫീസറോട് ഫോണിലൂടെ കാര്യങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. വീണ്ടും സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഇതേത്തുർന്ന് നേതാക്കൾ വില്ലേജ് ഓഫീസറെ നേരിൽ കണ്ടു.
എന്നിട്ടും സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല തുടർന്ന് മണ്ഡലം സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്ന പാർട്ടി സംസ്ഥാന-പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും വില്ലേജ് ഓഫീസ് പടിക്കൽ സമര പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ഡപ്യൂട്ടി തഹസിൽദാർ ഇടപെട്ട് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
സംഭവത്തിൽ വില്ലേജ് ഓഫീസർ ആര്യനാട് പോലീസിൽ പരാതിപ്പെട്ടെന്നും അതിൽ പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും മതിയായ അന്വേഷണം നടത്തി കേസിൽ നിന്നും നേതാക്കളേയും ഉദ്യോഗാർഥികളെയും, ഒഴിവാക്കുന്നതിനുള്ള നടപടി കൈകൊള്ളണമെന്നും മണ്ഡലം സെക്രട്ടറി പരാതിയിൽ ആവശ്യപ്പെട്ടു.