പുനരധിവാസ ഗ്രാമങ്ങള്‍ എത്രയും വേഗം യാഥാർഥ്യമാക്കും: മന്ത്രി ആര്.ബിന്ദു
1338577
Wednesday, September 27, 2023 12:44 AM IST
മെഡിക്കല്‍ കോളജ്: പുനരധിവാസ ഗ്രാമങ്ങള്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി ഒരുങ്ങുകയാണെന്നും എത്രയും വേഗം യാഥാർഥ്യമാക്കുമെന്നും മന്ത്രി ആര് . ബിന്ദു.
മെഡിക്കല്‍ കോളജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ റീജണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ആൻഡ് ഓട്ടിസം സെന്ററിന്റെ അഞ്ചാം വാര്‍ഷികവും ഭിന്നശേഷി കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ ഉത്കണ്ഠകള്‍ ദൂരീകരിക്കുന്നതിന് പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ രൂപീകരിക്കുകയും അതിനു നേതൃത്വം കൊടുക്കുകയും ചെയ്യുന്നത് വലിയ പ്രാധാന്യത്തോടെയാണ് നാം കാണുന്നത്. സമൂഹത്തില്‍ ഒന്നാമത്തെ പരിഗണന നല്‍കേണ്ട വിഭാഗമാണിവര്‍ .
"തനിച്ചല്ല നിങ്ങള്‍ ഒപ്പമുണ്ട് ഞങ്ങള്‍' എന്നതാണ് സാമൂഹ്യനീതി വകുപ്പ് ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ബൗദ്ധികമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സമ്പൂര്‍ണ പുനരധിവാസത്തിനു വേണ്ട കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
സോഷ്യല്‍ സെക്യൂരിറ്റി മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ എ. ഷിബു പദ്ധതി വിശദീകരണം നടത്തി. സാമൂഹ്യ നീതി ജോയിന്റ് ഡയറക്ടര്‍ കെ.വി സുഭാഷ് കുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ. മോറിസ്, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.