വിഴിഞ്ഞം തീരത്ത് കപ്പലടുക്കാൻ മൂന്നാഴ്ചയോളം സമയമെടുക്കും
1338328
Tuesday, September 26, 2023 12:14 AM IST
വിഴിഞ്ഞം: വിഴിഞ്ഞത്ത് ഇറക്കാനുള്ള ക്രെയിനുകളുമായി ചൈനീസ് കപ്പൽ ഷെൻ ഹുവ - 15 വിഴിഞ്ഞം ഉൾക്കടൽ വഴി കടന്നുപോയി. എന്നാൽ വിഴിഞ്ഞം തീരത്തടുക്കാൻ ഇനിയും മൂന്നാഴ്ചയോളം വേണ്ടിവരുമെന്ന് അധികൃതർ.
വിഴിഞ്ഞത്തിനും 24 നോട്ടിക്കൽ മൈൽമാത്രം അകലെയുള്ള അന്തർദേശീയ കപ്പൽചാൽ വഴി ഞായറാഴ്ച ഗുജറാത്തിലേക്ക് കപ്പൽ പുറപ്പെട്ടു. ഇനി മുദ്രാ തുറമുഖത്തേക്കുള്ള രണ്ട് ക്രെയിനുകൾ ഇറക്കിയശേഷം കപ്പലിന്റെ ഭാരക്കുറവ് വരുത്തിയാണ് അടുത്തമാസം വിഴിഞ്ഞം തീരത്ത് നങ്കൂരമിടുക. മുപ്പത് നില കെട്ടിടത്തിന്റെ ഉയരത്തിനു സമാനമായ നീളമുള്ള ഒരു കൂറ്റൻ ക്രെയിനും മറ്റു നാലെണ്ണവുമായി കഴിഞ്ഞ മാസം 31ന് ചൈനയിലെ ഷാംങ്ഹായ് തുറമുഖത്ത് നിന്ന് വിഴിഞ്ഞം ലക്ഷ്യമാക്കി പുറപ്പെട്ടകപ്പലിന്റെ യാത്രക്ക് കടൽ വില്ലനായി. ഉദേശിച്ച വേഗതയില്ലാതെ വന്നതോടെ അന്താരാഷ്ട്ര തുറമുഖത്ത് അടുക്കുന്ന ദിവസത്തെയും ബാധിച്ചു.
ഒന്നാം ഘട്ടത്തിനായി നിർമി ക്കുന്ന 800 മീറ്റർ നീളത്തിലുള്ള ബർത്തിൽ 400 മീറ്ററിൽ ഉറപ്പിക്കാനുള്ള ക്രെയിനുകളുമായി മറ്റ് മൂന്ന് കപ്പലുകൾ നവംബർ, ഡിസംബർ മാസങ്ങളിലായി വിഴിഞ്ഞത്തടുക്കും. ബാക്കി 400 മീറ്ററിൽ ഉറപ്പിക്കാനുള്ള ക്രെയിനുകളുമായി നാല് കപ്പലുകൾ 2024 ഫെബ്രുവരിയോടെ തുറമുഖത്ത് എത്തും. ഇതോടൊപ്പം ചൈനയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദരുടെ സംഘവും വിഴിഞ്ഞത്ത് വരുന്നുണ്ട്. ക്രെയിനുകളുടെ സാങ്കേതിക മികവ് അന്വേഷിക്കാൻ കേരളത്തിൽനിന്ന് ചൈനയിൽ പോകാനുള്ള ഉന്നത സംഘത്തിന്റെ ശ്രമങ്ങൾ നടക്കാതെ വന്നിരുന്നു.