പൂന്തുറയില്‍ 16 ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടിച്ചു
1338095
Monday, September 25, 2023 12:36 AM IST
മെഡിക്കൽകോളജ്: വാഹന പരിശോധനയ്ക്കിടെ രണ്ട് വ്യത്യസ്ത കേസുകളിലായി 16 ചാക്ക് പുകയില ഉത്പന്നങ്ങളുമായി കഴിഞ്ഞ ദിവസം രണ്ടു പേരെ പൂന്തുറ പോലീസ് പിടികൂടി.
ഒന്നാമത്തെ സംഭവത്തില്‍ മുട്ടത്തറ അമ്പലത്തറ ശിവക്ഷേത്രത്തിനു സമീപം ഹാഷിമിനെ (37) യാണ് പിടികൂടിയത്. ശംഭു, ഗണേഷ്, കൂള്‍ ലിപ്പ് ഇനത്തില്‍പ്പെട്ട പുകയില ഉത്പന്നങ്ങളാണ് മുട്ടത്തറ ഭാഗത്തുനിന്നും പിടികൂടിയത്. ഉത്പന്നങ്ങള്‍ കാറില്‍ കടത്തുകയായിരുന്നു.
രണ്ടാമത്തെ കേസില്‍ അമ്പലത്തറ മില്‍മ പ്ലാന്റിനു സമീപത്ത് ഒതുക്കിയിട്ട മിനി കണ്ടെയ്നര്‍ വാനിനുള്ളില്നി ന്നും പുകയില ഉല്‍പ്പന്നങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഈ വാഹനത്തില്‍നിന്നും അഞ്ചു ചാക്ക് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
പോലീസിനെ കണ്ട പ്രതി വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയതാണ് വാഹനം പരിശോധിക്കാനിടയായത്. പിടിച്ചെടുത്ത വാഹനങ്ങളും പുകയില ഉല്‍പ്പന്നങ്ങളും സ്റ്റേഷനിലേയ്ക്ക് മാറ്റി.