കോവളം മാരത്തണിൽ വൻ ജനപങ്കാളിത്തം
1338089
Monday, September 25, 2023 12:36 AM IST
തിരുവനന്തപുരം: സമുദ്രസംരക്ഷണവും ആരോഗ്യത്തോടെയുള്ള ജീവിതത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കോവളം മാരത്തണിൽ വൻ ജനപങ്കാളിത്തം. യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ച മാരത്തണ്‍ കോവളം ഗ്രോവ് ബീച്ചിൽ എയർഫോഴ്സ് തിരുവനന്തപുരം സ്റ്റേഷൻ കമാന്റർ ഗ്രൂപ്പ് ക്യാപ്റ്റൻ സൗരഭ് ശിവ ഫ്ളാഗ് ഓഫ് ചെയ്തു.
അഞ്ചു കിലോമീറ്റർ വിഭാഗത്തിലും അദ്ദേഹം പങ്കെടുത്തു. എം. വിൻസന്റ് എംഎൽഎ, സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചക്കിലം, ഇന്റലിജൻസ് ഐജി ശ്യാം സുന്ദർ തുടങ്ങിയവർ മുഖ്യാതിഥികളായി. ഫുൾ മാരത്തോണ്‍ (42.2 കി.മീറ്റർ), ഹാഫ് മാരത്തോണ്‍ (21.1 കി.മീറ്റർ), 10 കെ റണ്‍ (10 കി.മീറ്റർ), ഫണ്‍ റണ്‍ (അഞ്ച് കി മീറ്റർ), കോർപ്പറേറ്റ് റിലേ (അഞ്ച് കി മീറ്റർ) എന്നീ ഇനങ്ങളിലായി 1200 ഓളം പേർ പങ്കുചേർന്നു.
തലസ്ഥാന നഗരിയിൽ പൂർണമായും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ആദ്യ മാരത്തോണ്‍ എന്ന പ്രത്യേകതയും കോവളം മാരത്തോണിനാണെന്നു സംഘാടകർ അവകാശപ്പെട്ടു. മാരത്തോണ്‍ പൂർത്തിയാക്കിയ മുഴുവൻ ആളുകൾക്കും മെഡലുകളും റേസ് ടീഷർട്ടുകളും നൽകി.