തിരുവനന്തപുരം കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കല്‍ നേമത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
1338088
Monday, September 25, 2023 12:36 AM IST
നേമം: തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമം റെയില്‍വേ സ്റ്റേഷനുസമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
തിരുവനന്തപുരം മുതല്‍ നേമം വരെയുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെയാണു രണ്ടാമത്തെ റെയില്‍ പാളത്തിനായി മണ്ണിടിച്ച് തുടങ്ങിയത്. നഷ്ടപരിഹാരം നല്കി സര്‍ക്കാര്‍ ഏറ്റെടുത്ത പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്ന ജോലികളും നടന്നു വരികയാണ്. കരാര്‍ ഏറ്റെടുത്തവരാണു കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിക്കുകയും ചെയ്യുന്നത്.
തിരുവനന്തപുരം -നേമം, നേമം -നെയ്യാറ്റിന്‍കര, നെയ്യാറ്റിന്‍കര - പാറശാല എന്നിങ്ങനെ മൂന്ന് റീച്ചായാണ് ഭൂമി ഏറ്റെടുക്കുന്നത്. ആദ്യറീച്ചില്‍ തൈയ്ക്കാട്, നേമം, പള്ളിച്ചല്‍ വില്ലേജ് ഓഫീസുകളുടെ പരിധിയിലുള്ള ഭൂമിയാണ് ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ ജംഗ്ഷന് കേന്ദ്രീകരിച്ചുള്ള പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിനാണു റെയില്‍വേ ഊന്നല്‍ നല്‍കുന്നത്.
നിലവില്‍ പാലങ്ങളുള്ള കരമന കുഞ്ചാലുംമൂട്, പാപ്പനംകോട് എസ്റ്റേറ്റ്, നേമം സ്റ്റുഡിയോ റോഡ്, പ്രാവച്ചമ്പലം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രാരംഭ പണികള്‍ നടന്നുവരികയാണ്. തിരുവനന്തപുരം മുതല്‍ നേമം വരെ എട്ട് കിലോമീറ്റര്‍ പാതയാണ് ഒന്നാം റീച്ചില്‍ ഇരട്ടിപ്പിക്കുന്നത്.
ഭൂമി ഏറ്റെടുക്കലിനുള്ള മുഴുവന്‍ തുകയും റെയില്‍വേ നേരത്തെ തന്നെ അനുവദിച്ചിരുന്നു. കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി നടപ്പിലാക്കുന്ന നേമത്ത് റെയില്‍വേ സ്റ്റേഷന് വികസനമാണ് ആദ്യമുണ്ടാവുക.
റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെര്‍മിനല്‍ നിര്‍മാണവും തുടങ്ങും. തിരുവനന്തപുരത്തിന്റെ ഔട്ടര്‍ എന്നറിയപ്പെടുന്ന നേമം റെയില്‍വെ സ്റ്റേഷനില്‍ വികസന പദ്ധതികള്‍ നടപ്പിലായാല്‍ തിരുവനന്തപുരം- കന്യാകുമാരി റൂട്ടിലെ മറ്റ് പല സ്റ്റേഷനുകള്‍ക്കും ഇതുകൊണ്ടുള്ള ഗുണമുണ്ടാവും.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ദുരിതത്തിന് പരിഹാരമാവുകയും ചെയ്യും. നേമം ടെര്‍മിനല്‍ നിര്‍മാണത്തിനായി റെയില്‍വേ 117 കോടി രൂപ അനുവദിച്ചിട്ടുണ്ട്.