നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു
1338049
Sunday, September 24, 2023 11:47 PM IST
തിരുവനന്തപുരം: നഗരഹൃദയമായ പാളയത്തു നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുകയറി യുവാവ് മരിച്ചു. ഇന്നലെ പുലർച്ചെ പാളയം സാഫല്യം കോംപ്ലക്സിന്റെ എതിർവശത്ത് അരുണ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഹ്യൂണ്ടായ് ഇയോണ് കാറിലേക്ക് സ്റ്റാച്യൂ ഭാഗത്തു നിന്നെത്തിയ ഇന്നോവ കാർ പാഞ്ഞു കയറിയായിരുന്നു ദുരന്തം.
അപകടത്തിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലിരുന്ന മലയിൻകീഴ് ഗസ്റ്റ്ഹൗസ് റോഡ് റിനീഷ് ഭവനിൽ രാമചന്ദ്രന്റെയും ശോഭനകുമാരിയുടെയും മകൻ രജീഷ് (32)ആണ് മരിച്ചത്. മുന്നിലെ സീറ്റിലിരുന്ന കാർ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിതവേഗത്തിലെത്തിയ ഇന്നോവ കാറിന്റെ ഡ്രൈവർ നിലമേൽ വാഴോട് പത്താംവാർഡിൽ വേലൻകുഴി വീട്ടിൽ ഇജാസി (23) നെ കന്റോണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഈ കാറിലുണ്ടായിരുന്ന സ്ത്രീയും നിസാര പരിക്കോടെ രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 1.10നായിരുന്നു നഗരത്തെ നടുക്കിയ ദുരന്തം നടന്നത്. ഇന്നോവ കാർ പാളയത്തെ ട്രാഫിക് സിഗ്നലിൽ എത്തിയതോടെ നിയന്ത്രണം തെറ്റി ഇടതുവശത്തെ വിജെടി ഹാളിന്റെ മതിലിലും സമീപത്തുണ്ടായിരുന്ന മരത്തിലും ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗത്ത് ഇടിച്ചു കാറുമായി 20 മീറ്ററോളം മുന്നോട്ടു നീങ്ങി. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന കാർ രണ്ടു വട്ടം കറങ്ങി. സമീപത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്താണ് ഇന്നോവ കാർ നിന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ഇതിനിടെ സമീപത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും തകർത്തു. രജീഷിന്റെ ഭാര്യ: ശങ്കരി (മലയിൻകീഴ്, ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗം). മക്കൾ: ധ്രുവൻ, ധരൻ. സ്വകാര്യ ന്യൂസ് ചാനലിനായി സർവീസ് നടത്തുന്ന ഇന്നോവകാറാണ് അപകടത്തിൽ പെട്ടത്.