സിപിഎം നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിച്ച കെഎസ്യു നേതാവ് അറസ്റ്റിൽ
1337633
Saturday, September 23, 2023 12:02 AM IST
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ വനിത നേതാക്കളേയും സമൂഹമാധ്യമത്തിലൂടെ ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമണത്തിന് ആഹ്വാനവും നടത്തിയ കേസിൽ കെഎസ്യു നേതാവിനെ അറസ്റ്റ് ചെയ്തു.
പാറശാല കോടങ്കര സ്വദേശി എബിൻ കോടങ്കരയെയാണ് (26) തിരുവനന്തപുരം ഡിസിപി നിതിൻ രാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോണ്ഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റ്, കെഎസ്യു മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ ഭാരവാഹിത്വങ്ങൾ വഹിക്കുന്നയാളാണ് എബിനെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
എ.എ. റഹീം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി. ബിജുവിന്റെ ഭാര്യ ഹർഷ, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാർ എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ യാഴ്ചയാണ് "കോട്ടയം കുഞ്ഞച്ചൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റുകൾ ഇട്ടത്. പോലീസ് ഇടപെട്ട് പേജ് പൂട്ടിച്ച ശേഷമായിരുന്നു അന്വേഷണം.
പാറശാലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവ് ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.