എസ്ഐക്കെതിരേ കേസെടുത്ത എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
1337124
Thursday, September 21, 2023 5:08 AM IST
പാറശാല: പുഷ്പ വ്യാപാരിയുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്ത എസ്എച്ച്ഒയെ സസ്പെന്റ് ചെയ്തു. പാറശാല എസ്എച്ച്ഒ ആസാദ്അബ്ദുള് കലാമിനെതിരെയാണ് നടപടി. ജില്ലാ പൊലീസ് മേധാവിയെ അറിയിക്കാതെ എസ്ഐക്കെതിരെ കേസെടുത്തതാണ് നടപടിക്കു കാരണമായി ലഭിച്ച സസ്പെന്ഷന് ഉത്തരവില്‍ പറയുന്നത്.
പാറശാല ജംഗ്ഷനില്‍ കഴിഞ്ഞ11 ന് രാത്രിയിൽ പുഷ്പ വ്യാപാരിയെ റോഡിൽ മര്‍ദിച്ച സംഭവത്തിലാണ് എസ്ഐക്കെതിരെ കേസെടുത്തത്. കടയടച്ച ശേഷം സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന പൂക്കട ഉടമ ഗോപകുമാറിനെ പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐ ഗ്ലാഡ്സണ്‍ മത്യാസ് ലാത്തി കൊണ്ടു മര്ദിച്ചതായാമ് പരാതി.
രാത്രി റോഡില്‍ കൂടിനിന്നെന്നാരോപിച്ചായിരുന്നു എസ്ഐ മർദിച്ചതെന്ന് ഗോപകുമാർ പറയുന്നു. എന്നാൽ വീട്ടിലേയ്ക്ക് പോകാനിറങ്ങിയതാണെന്ന് ഗോപകുമാര്‍ അറിയിച്ചതോടെ തെറിവിളിയും ആരംഭിച്ചു. ഇതു ചോദ്യം ചെയ്തതായിരുന്നു എസ്ഐയെ പ്രകോപിപ്പിച്ചത്.
വാഹനത്തില്‍ ഉണ്ടായിരുന്ന ലാത്തി കൊണ്ട് ഗോപകുമാറിന്റെ വലതുകാല്‍ മുട്ടിനു മുകളില്‍ അടിച്ചു. സംഭവം ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ഗോപകുമാറിന്റെ സുഹൃത്തിന്റെ ഫോണും പിടിച്ചു വാങ്ങി. ഗോപകുമാറിന്റെ പോക്കറ്റിലുണ്ടായിരുന്ന മരുന്ന് കുപ്പിയും എസ്ഐ റോഡില്‍ എറിഞ്ഞു പൊട്ടിച്ചു.
സംഭവം കണ്ടുനിന്ന നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ എസ്ഐയുമായി മുങ്ങിയെന്നുമാണ് പരാതിയിൽ പറയുന്നത്. എസ്ഐ വാഹനത്തില്‍നിന്നും ഇറങ്ങി നടന്നു വരുന്നതിന്റെയും ലാത്തി എടുത്ത് ഗോപകുമാറിനെ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പരാതിയത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും, സാക്ഷി മൊഴികളും പരിശോധിച്ച എസ്എച്ച്ഒ എസ്ഐക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്കി.
എന്നാൽ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കുമ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതിനാല്‍ നെയ്യാറ്റിന്‍കര എഎസ്പിയെ വിവരം അറിയിച്ച ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് എസ്എച്ച്ഒ പറയുന്നു. ഗുരുതര വകുപ്പുകള്‍ പ്രകാരം അല്ലാത്ത സംഭവങ്ങളില്‍ ജില്ലാ പൊലീസ മേധാവിയെ നേരിട്ടറിയിക്കുന്ന പതിവില്ലെന്നും പറയപ്പെടുന്നു.