പുലിക്കോട്ടുകോണത്ത് ദുരിതം വിതച്ച് മാലിന്യ നിക്ഷേപം
1337123
Thursday, September 21, 2023 5:08 AM IST
വെള്ളറട: പെരിങ്കടവിള പഞ്ചായത്തില്‍ പുലിക്കോട്ടുകോണം കുളത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ മാലിന്യ നിക്ഷേപം കാരണം പരിസരവാസികള്‍ ദുരിതം അനുഭവിക്കുകയാണ്. കടുത്ത ദുര്‍ഗന്ധവും കൊതുകളുടെയും ഈച്ചകളുടെയും ശല്യം രൂക്ഷമായതോടെ ജനം പൊറുതിമുട്ടുകയാണ്.
വളര്‍ത്ത് മൃഗങ്ങളുടെ വിസര്‍ജ്യ അവശിഷ്ടങ്ങളടക്കം ശാസ്ത്രീയമായി സംസ്കരിക്കാതെ തുറസായ സ്ഥലത്തേയ്ക്ക് ഒഴുക്കിവിടുന്നത് പരിസരഭാഗത്തുള്ളർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പുല്ക്കോട്ടുകോണം കുളത്തില്‍ നിന്നും ചിറ്റാറിലേക്ക് പോകുന്ന നീര്ചാല് പൂര്‍ണമായും മലിനമായിരിക്കുകയാണ്.
പരിസരത്തുള്ള കാര്‍ഷിക മേഖലയെയും മാലിന്യനിക്ഷേപം ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രദേശവാസികളായ പലർക്കും ത്വക്ക് രോഗം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടതായും പറയപ്പെടുന്നു.
മാലിന്യ നിക്ഷേപത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ ജില്ലാ കളക്ടര്‍, ശുചിത്വമിഷന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് , പെരിങ്കടവള പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതികളും നല്‍കിയിട്ടുണ്ട് . പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.