മാറനല്ലൂർ അരുവിക്കരയോട് അവഗണന
1337122
Thursday, September 21, 2023 5:08 AM IST
കാട്ടാക്കട : സഞ്ചാരികളെ ആകർഷിക്കുന്ന നെയ്യാറിലെ മാറനല്ലൂർ അരുവിക്കരയോട് അധിക്യതർക്ക് അവഗണന. അരുവിക്കരയെ ടൂറിസം പദ്ധതിയിലുൾപ്പെടുത്തണമെന്ന് പ്രദേശത്തെ വിവിധ സംഘടനകളുടേയും, നാട്ടുകാരുടേയും ആവശ്യത്തെ തുടർന്ന് ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും വിവിധ പദ്ധതികളെ കുറിച്ച് ആലോചനാ യോഗം നടത്തുകയും ചെയ്തിട്ട് അഞ്ച് വർഷം പിന്നിട്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഒരു പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല.
അരുവിക്കരയ്ക്ക് സമീപ പ്രദേശമായ നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽപ്പെടുന്ന ഈരാറ്റിൻപുറത്ത് ടൂറിസം പദ്ധതി യാഥാർഥ്യമായപ്പോൾ അരുവിക്കരയ്ക്കും പ്രാധാന്യമേറിയിരുന്നു.
ഇത് കണക്കിലെടുത്താണ് തൊട്ടടുത്ത് പ്രദേശമായ മാറനല്ലൂർ പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശമായ അരുവിക്കരയും പരിഗണിക്കുമെന്നും ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ജന പ്രതിനിധികൾ നാട്ടുകാർക്ക് ഉറപ്പ് കൊടുത്തിരുന്നത്.
പഞ്ചായത്തിന്റെ ഓണാഘോഷം അരുവിക്കരയിലായിരുന്നു സംഘടിപ്പിച്ചത്. ആയിരക്കണക്കിനുപേരാണ് ഓണാഘോഷത്തിന് പങ്കെടുക്കാൻ ഇവിടെത്തിയത്. വന്നവരിൽ ഭൂരിഭാഗം പേരും ഏറെസമയവും ചിലവഴിച്ചത് നെയ്യാറിന് തീരത്തെ പാറക്കെട്ടുകളിലാണ്.
ഓണാഘോഷത്തോടനുബന്ധിച്ച് നെയ്യാറിൽ ബോട്ടു സർവീസും നടത്തിയരുന്നു. ഇതിൽ കുട്ടവഞ്ചിയിലുള്ള യാത്രയാണ് ഇവിടെയെത്തിവരെ ഏറ്റവുമധികം ആകർഷിച്ചതും. സഞ്ചാരികളെ ആകർഷിക്കുന്നതിനായി ബോട്ട് സർവീസ് ഉൾപ്പടെ നടത്തുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നത്.