മുഖംമൂടി ധരിച്ച് സ്കൂൾ വിദ്യാർഥികളെ ശല്യപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍
1337121
Thursday, September 21, 2023 5:07 AM IST
നെയ്യാറ്റിന്‍കര : പൊതുസ്ഥലത്ത് മുഖംമൂടി ധരിച്ച് സ്കൂള്‍ വിദ്യാർഥികളെ ശല്യപ്പെടുത്തിയ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കാരിയോട് സ്വദേശി കണ്ണന്, ആനാവൂര്‍ സ്വദേശി മിഥുന് എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡില്‍ മുയലിന്റെ മുഖമുള്ള ഹെല്‍മറ്റും വേഷവും ധരിച്ച് സ്കൂള്‍ കുട്ടികളെ ശല്യം ചെയ്യുകയും, മാര്ഗതടസമുണ്ടാക്കുകയും, കുട്ടികളെ എടുത്തുയർത്തുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളുണ്ട്.
കോണ്‍വെന്റ് റോഡില്‍ സ്കൂള്‍ കുട്ടികള്‍ക്കു നേരെ പലതരത്തിലുള്ള ശല്യം നടക്കുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. മുയലിന്റെ മുഖംമൂടി ധരിച്ച് പെണ്‍കുട്ടികളെ ശല്യം ചെയ്ത ബൈക്ക് യാത്രികരെക്കുറിച്ച് ഈയടുത്ത ദിവസമാണ് പരാതി ഉയര്‍ന്നത്. പോലീസ് സംഭവത്തെ ഗൗരവമായി കാണുകയും അന്വേഷണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍വെന്റ് റോഡില്‍ രണ്ടു പേര് കുട്ടികളെ ശല്യപ്പെടുത്തുന്നതായ വിവരം ലഭിച്ചു. റോഡില്‍ ഇരുവരും കാട്ടുന്ന പ്രവൃത്തികള്‍ മുഴുവന്‍ ഒരു യുവാവ് ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളും സിസിടിവിയിലുണ്ട്. ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തതായും പോലീസ് അറിയിച്ചു. കോണ്‍വെന്റ് റോഡില്‍ നാലു വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
രാവിലെയും വൈകുന്നേരവും പൂവാലശല്യവും പതിവാണെന്ന പരാതിയുണ്ട്. ഈ റോഡിലൂടെ മുന്‍പ് പോലീസ് പട്രോളിംഗുണ്ടായിരുന്നുവെന്നും പിന്നീട് പിന്‍വലിക്കപ്പെട്ടതായും കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് ചൂണ്ടിക്കാട്ടി. നിലവിലുള്ള ഇത്തരം സംഭവങ്ങള്‍ ലാഘവത്തോടെ കാണരുതെന്നും പോലീസ് പട്രോളിംഗ് വീണ്ടും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍വെന്റ് റോഡിലെ അനധികൃത വാഹന പാര്‍ക്കിംഗിനെതിരെയും വ്യാപക പരാതിയുണ്ട്.