ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും അശ്വതിക്ക് ശാപമോക്ഷമാകുന്നു
1336873
Wednesday, September 20, 2023 5:28 AM IST
നെടുമങ്ങാട്: വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു രണ്ടാംവർഷ വിദ്യാർഥിനി പൂവച്ചൽ ആലുംകുഴിയിൽ അശ്വതിക്ക് പിടിഎയുടെ ശ്രമഫലമായി വീടൊരുങ്ങുന്നു. ടാർപോളിൻ കെട്ടിമറച്ചു ചോർന്നൊലിക്കുന്ന സ്ഥലത്താണ് അശ്വതിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.
മഴക്കാലത്ത് അശ്വതിയുടെ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും സ്ഥിരമായി നനഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ സംശയം തോന്നി പിടിഎ. ഭാരവാഹികളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചോർന്നൊലിക്കുന്ന അതിദയനീയാവസ്ഥയിലുള്ള കുടിലിലാണ് അശ്വതി താമസിക്കുന്നതെന്ന് കണ്ടെത്തി.
പിടിഎ കമ്മിറ്റി അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെ അശ്വതിക്ക് അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകുന്നതിനെ കുറിച്ച് തീരുമാനമെടുക്കുകയായിരുന്നു. 'സഹപാഠിക്കൊരു സ്നേഹത്തണൽ' എന്ന പേരിൽ നിർമിക്കുന്ന വീടിന് അശ്വതിയും അമ്മ സിന്ധുവും സഹോദരി ആതിരയും ചേർന്ന് തറക്കല്ലിട്ടു.
കേരളപ്പിറവി ദിനത്തിൽ വീട് പൂർത്തിയാക്കി കുടുംബത്തിനു കൈമാറുമെന്ന് പിടിഎ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ അറിയിച്ചു. അശ്വതിയെയും കുടുംബത്തിനെയും സഹായിക്കാൻ താത്പര്യമുള്ളവർക്ക പാർപ്പിട നിർമാണ കമ്മിറ്റി എന്നപേരിൽ ഗ്രാമീണബാങ്കിൽ ആരംഭിച്ച അക്കൗണ്ടിൽ A/C No.40354101128367 , IFSC Code KLGB0040354 ൽ ധനസഹായമെത്തിക്കാം.