അഖിലിന് കുരുക്കായത് വ്യാജസന്ദേശം
1301507
Saturday, June 10, 2023 12:07 AM IST
തിരുവനന്തപുരം: അന്വേഷണം വഴിതെറ്റിക്കാൻ നൽകിയ മൊബൈൽ ഫോണ്‍ സന്ദേശമാണ് രാഖിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിന് നിർണായക വഴിത്തിരിവായത്. രാഖിയുടെ സിംകാർഡ് അഖിലിന്റെ ഫോണിൽ ഉപയോഗിച്ചാണ് തുടരെത്തുടരെ സന്ദേശങ്ങൾ അയച്ചത്. അഖിലുമായി വഴിപിരിയുകയാണെന്നും താൻ മറ്റൊരു സുഹൃത്തിനൊപ്പം ചെന്നൈയ്ക്ക് പോകുന്നുവെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. അന്വേഷണത്തിന്റെ ഭാഗമായി തങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി അഖിലിന്റെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയോടൊപ്പം ഈ സന്ദേശത്തിന്റെ പ്രിന്റ് ഒൗട്ടും പോലീസിന് നൽകിയിരുന്നു. അപ്പോഴാണ് സിംകാർഡ് യുവതിയുടേതാണെങ്കിലും അയച്ച ഫോണ്‍ മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞത്. സെക്കൻഡ് ഹാൻഡ് ഫോണ്‍ വിൽക്കുന്ന കടയിൽ നിന്ന് ഈ ഫോണ്‍ വാങ്ങിയത് ആദർശും രാഹുലുമായിരുന്നു. വിരലടയാളം ഉപയോഗിച്ച് ഓണ്‍ ആക്കുന്നതായിരുന്നു യുവതിയുടെ ഫോണ്‍. രാഖിയുടെ ശരീരം മറവ് ചെയ്തതോടെ ഈ ഫോണ്‍ ഉപയോഗിക്കാൻ കഴിയാതായതോടെയാണ് മറ്റൊരു ഫോണ്‍ വാങ്ങേണ്ടി വന്നത്.