അന്പൂരി രാഖി കൊലക്കേസ്; മൂന്നു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 12 ലക്ഷം രൂപ പിഴയും
1301506
Saturday, June 10, 2023 12:07 AM IST
തിരുവനന്തപുരം :അന്പൂരി രാഖി കൊലക്കേസിലെ മൂന്നു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 12 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. നെയ്യാറ്റിൻകര തിരുപുറം പുത്തൻ കട ജോയി ഭവനിൽ രാജന്റെ മകൾ രാഖിമോളെ (30) കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിലെ പ്രതികളായ അന്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ സൈനിക ഉദ്യോഗസ്ഥനായ അഖിൽ ആർ. നായർ(24), അഖിലിന്റെ സഹോദരൻ രാഹുൽ ആർ. നായർ(27), ഇവരുടെ സുഹൃത്ത് അന്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ സുരേന്ദ്രൻ നായരുടെ മകൻ ആദർശ് നായർ(23) എന്നിവരെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി പ്രതികൾ അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനു പുറമെ തെളിവു നശിപ്പിച്ചതിന് അഞ്ചു വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി പ്രതികൾ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
കൊല്ലപ്പെട്ട രാഖിമോളുടെ ആശ്രിതർക്ക് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. 2019 ജൂണ്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ആർ. നായരുമായി പ്രണയത്തിലായിരുന്നു രാഖിമോൾ. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള തീരുമാനത്തെ എതിർത്തതിനെ തുടർന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലനടത്തിയ ശേഷം അഖിൽ ജോലിസ്ഥലമായ ലഡാക്കിലും ആദർശും രാഹുലും ഗുരുവായൂരിലേക്കും സ്ഥലം വിടുകയുമായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പൂവാർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേയാണ് ആദർശിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആദർശിന്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും രാഹുലും പോലീസിന്റെ കസ്റ്റഡിയിലാകുന്നത്.
പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിന്റെ വീട്ടുവളപ്പിൽ നിന്നു പോലീസ് കണ്ടെടുത്തിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി. ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ എന്നിവർ ഹാജരായി. എന്നിവർ ഹാജരായി.ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഞങ്ങൾ സഹോദരന്മാരാണന്നും, പിതാവ് വാഹനാപകടത്തെ തുടർന്ന് ഒരു വശം തളർന്നു കിടപ്പിലാണന്നും മറ്റാരും അവരെ സംരക്ഷിക്കാനില്ലന്നും അഖിലും രാഹുലും വിതുന്പി കൊണ്ട് പറഞ്ഞു. അച്ഛന്റെ മരണത്തെ തുടർന്ന് അമ്മ മാത്രമേ ഉള്ളുവെന്നും അവരെ സംരക്ഷിക്കാൻ മറ്റാരും ഇല്ലന്നും ആദർശും കരഞ്ഞ് കൊണ്ടു പറഞ്ഞു. പ്രതികളുടെ കുറ്റകൃത്യം പൈശാചികമായിരുന്നുവെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.