ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ: കൗണ്‍സിൽ യോഗത്തിൽ ബഹളം
1301503
Saturday, June 10, 2023 12:07 AM IST
തിരുവനന്തപുരം: നേമം സോണൽ ഓഫീസിൽവീട്ടു നന്പർ നൽകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ കൗണ്‍സിൽ യോഗം ബഹളത്തിൽ കലാശിച്ചു. സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ ആറ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തത് ഭരണപക്ഷത്തിന് അവരോടുള്ള അതൃപ്തി കാരണമെന്ന് ബിജെപി കൗണ്‍സിലർമാർ ആരോപിച്ചു.
150 ചതുരശ്രയടി വിസ്തീർണമുള്ള വീടിന് അസിസ്റ്റന്റ് എൻജിനിയർ ഇല്ലാതിരുന്ന വേളയിൽ എക്സിക്യൂട്ടീവ് എൻജിനിയർ വീട്ടു നന്പർ നൽകി. ഇതു ക്രമക്കേടല്ലെന്ന് ബിജെപി അംഗങ്ങൾ കൗണ്‍സിലിൽ യോഗത്തിൽ പറഞ്ഞു. നടപടിക്കു വിധേയരായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ കൗണ്‍സിൽ പ്രമേയം പാസാക്കണമെന്ന് ബിജെപി കൗണ്‍സിലർമാർ ആവശ്യപ്പെട്ടു. ഭരണകക്ഷിയംഗങ്ങൾ എതിർത്തു. ഇതോടെ ബഹളംകൂടി.
ഈ സമയം കോണ്‍ഗ്രസ് അംഗങ്ങൾ ഇരുപക്ഷത്തും ചേരാതെയിരുന്നു.നടപടിക്കു വിധേയരായ ഉദ്യോഗസ്ഥർക്ക് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ച് ബിജെപി അംഗങ്ങൾ കൗണ്‍സിൽ ഹാളിന് പുറത്തേയ്ക്ക് പോയി.
പിന്നീട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.ഒരു മേഖലാ ഓഫീസിൽ മാത്രം പരിശോധന നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബിജെപി അംഗങ്ങളായ തിരുമല അനിൽ, എം.ആർ.ഗോപൻ, കരമന അജിത്ത്, വി.ജി.ഗിരികുമാർ എന്നിവർ ആരോപിച്ചു.
നേമം സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മേയർ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ മേടയിൽ വിക്രമൻ വിശദീകരിച്ചു. എൻജിനിയറിംഗ് വിഭാഗം ജീവനക്കാരുമായി സംസാരിച്ചിരുന്നതായി മേയർ പറഞ്ഞു. അവരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് ഉറപ്പു നൽകി.
ആഭ്യന്തര വിജിലൻസ് പരിശോധിച്ച് ഏഴ് ഫയലുകളിൽ ആറിലും ക്രമക്കേട് കണ്ടെത്തിയെന്നും ഇവ കോർപ്പറേഷൻ വീണ്ടും വിശദമായി പരിശോധിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു.