വിവാദങ്ങൾ എസ്എഫ്ഐയുടെ ശോഭകെടുത്തിയെന്ന് വിമർശനം
1301494
Saturday, June 10, 2023 12:04 AM IST
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലടക്കം അടുത്ത കാലത്തുണ്ടായ വിവാദങ്ങൾ എസ്എഫ്ഐയുടെ ശോഭകെടുത്തിയെന്നു ജില്ലാ സമ്മേളനത്തിൽ വിമർശനം. സംഘടനാവിരുദ്ധമായ കാര്യങ്ങൾ ഉണ്ടായപ്പോഴെല്ലാം എസ്എഫ്ഐ നേതൃത്വത്തോടും സിപിഎം ജില്ലാ നേതാക്കളോടും കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. എന്നാൽ അതിന്റെ ഗൗരവം ഉൾക്കൊണ്ടു തിരുത്തൽ വരുത്താത്തതാണു പ്രശ്നങ്ങൾ സങ്കീർണമാക്കിയതെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനമുണ്ടായി.
ജില്ലാ സമ്മേളന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്ന പല കാര്യങ്ങളും അവസാനഘട്ടത്തിൽ എസ്എഫ്ഐ സംസ്ഥാന നേതൃത്വം ഇടപെട്ട് ഒഴിവാക്കിയതു നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങൾക്കും കാരണമായി. പാർട്ടി നേതാക്കളുടെ സംരക്ഷണം കിട്ടുമെന്ന ഹുങ്കിൽ സിറ്റിയിലെ ചില കമ്മിറ്റികളിലെ നേതാക്കൾ എന്തും ചെയ്യുന്നവരായി മാറിയിരിക്കുകയാണ്. ഇവർക്കൊന്നും സംഘടനാ നടപടിയിൽ ഭയമില്ല. നേതാക്കളുടെ ചൂടുപറ്റി നിൽക്കുന്നതാണു ഇതിനു കാരണമെന്നും ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
എസ്എഫ്ഐയുടെ പ്രതിശ്ചായ തകർക്കുന്ന സംഭവങ്ങളാണ് സംസ്ഥാന സെക്രട്ടറിയുടെ നേരെയുണ്ടായ ആരോപണത്തിലടക്കം സംഭവിച്ചതെന്നും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു. കാട്ടാക്കട്ടട കോളജിലുണ്ടായ ആൾമാറാട്ട സംഭവം അടക്കമുള്ള വിഷയങ്ങൾ വിവാദമാകുന്നതിന് മുന്പ് തന്നെ സംഘടന നേതൃത്വത്തേയും പാർട്ടി നേതൃത്വത്തേയും അറിയിച്ചിരുന്നതാണ്. എന്നാൽ സംഘടന ചുതമലയുള്ള പാർട്ടി നേതാക്കൾ പോലും ഇതു ചെവിക്കൊണ്ടില്ലെന്നും വിമർശനമുണ്ടായി.