ട്രോളിംഗ് നിരോധനം : അവലോകന യോഗം ചേർന്നു
1301490
Saturday, June 10, 2023 12:04 AM IST
വിഴിഞ്ഞം: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ഇടവക, ജമാഅത്ത് ഭാരവാഹികളെയും മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി അവലോകന യോഗം ചേർന്നു.
വെള്ളം, വെളിച്ചം, ശുചീകരണം, യാത്രാസൗകര്യം, സുരക്ഷാ ക്രമീകരണം , ആരോഗ്യ സേവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സീസൺ അവസാനിക്കുന്നത് വരെ ഉറപ്പു വരുത്തണമെന്ന് സബ്കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിഴിഞ്ഞം തുറമുഖത്തിനു സമീപത്ത് മണൽ കൂടിക്കിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായും ഇത് ഡ്രെഡ്ജ് ചെയ്ത് മാറ്റണമെന്ന ആവശ്യം പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
വിഴിഞ്ഞം ഐബിയിൽ സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ് വിളിച്ച് ചേർത്ത യോഗത്തിൽ നഗരസഭ കൗൺസിലർമാരായ പനിയടിമ ജോൺ, നിസാമുദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജാ മേരി , അഡീഷണൽ ഡയറക്ടർ ജയന്തി, ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എൻജിനിയർഅനിൽകുമാർ, വിസിൽ പ്രതിനിധി സന്തോഷ് സത്യപാലൻ, ഇടവക ഭാരവാഹികളായ ആന്റണി, സെൽട്ടൺ, ജമാത്ത് ഭാരവാഹികളായ എ.റഹ്മാൻ, യു. സുധീർഅദാനി ഗ്രൂപ്പ് പ്രതിനിധി ഹെബിൻ, കോസ്റ്റൽ പോലീസ്, വിഴിഞ്ഞം പോലീസ് തുടങ്ങിയവർ പങ്കെടുത്തു.