കണ്ടല സ്കൂൾ ഭിത്തി ഇടിഞ്ഞു വീണിട്ട് ഒരാഴ്ച: പുനർനിർമിക്കാൻ നടപടിയായില്ല
1301190
Thursday, June 8, 2023 11:54 PM IST
കാട്ടാക്കട : കണ്ടല ഗവ.ഹൈസ്കൂളിൽ മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ഭിത്തി ഇടിഞ്ഞു വീണു ഒരാഴ്ച പിന്നിട്ടിട്ടും പുനർനിർമിക്കാൻ നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം. അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യണമെന്ന് കരാറുകാരനോടു പൊതുമരാമത്ത് അധികൃതർ നിർദേശിച്ചിരുന്നു.
തകർന്ന ഭിത്തിയിൽ മഴവെള്ളം ഇറങ്ങാതിരിക്കാൻ മുകളിൽ താത്കാലികമായി കോൺക്രീറ്റ് സ്ലാബ് വച്ചശേഷം സിമന്റ് കൊണ്ടു അടച്ചു. ഈ പണി മാത്രമാണ് നടന്നത്. കഴിഞ്ഞ 31 ന് വൈകുന്നേരമാണ് ഭിത്തി ഇടിഞ്ഞു വീണത്. പ്രവേശനോത്സവത്തിന് സ്കൂളിൽ വിദ്യാർഥികൾ എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപ് നടന്ന സംഭവം രാഷ്ട്രീയ വിവാദത്തിനു വഴിവച്ചു . പിന്നാലെ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം ചീഫ് എൻജിനിയർ എൽ.ബീനയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തി.തകർന്നത് മഴയും ഇടിമിന്നലുമേറ്റാണെന്നും നിർമാണത്തിൽ അപാകതയില്ലെന്നും റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. കഴിഞ്ഞ ദിവസം മാറനല്ലൂർ പഞ്ചായത്തിൽ പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസ് എത്തിയെങ്കിലും കണ്ടല സ്കൂൾ സന്ദർശിക്കാൻ അദ്ദേഹം തയാറായില്ല. 2022 ഫെബ്രുവരിയിൽ നിർമാണം തുടങ്ങിയ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നത്.