വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന് പരിചയപ്പെടുത്തിയ ആനന്ദ് മൊറായിസ് വിട വാങ്ങി
1301177
Thursday, June 8, 2023 11:44 PM IST
വിഴിഞ്ഞം : ക്രൂ ചേഞ്ചിംഗ് എന്ന മഹത്തായ സംരംഭത്തിന് തുടക്കം കുറിച്ച് ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ ഭീമനായ എവർഗ്രീനെ തീരത്തടുപ്പിച്ച് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന് പരിചയ പ്പെടുത്തിയആനന്ദ് മൊറായിസ് (58) വിട വാങ്ങി. ഫ്രണ്ടിയർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് കമ്പനി ഉടമയും കന്യാകുമാരി സ്വദേശിയുമായ ആനന്ദ് മൊറായിസ് (58) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ചത്.2019 ലെ കോവിഡ് കാലത്താണ് വിഴിഞ്ഞത്ത് കപ്പൽ ജീവനക്കാരെ ഇറക്കാനും കയറ്റാനുമായുള്ള ക്രൂചേഞ്ചിംഗ് സെന്റർ ആരംഭിക്കാനുള്ള ആശയവുമായി ആനന്ദ് മൊറായിസ് അന്നത്തെ മാരിടൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ.മാത്യൂവിനെ സമീപിച്ചത്.അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്ത് കിടക്കുന്ന വിഴിഞ്ഞം തുറമുഖം ക്രൂചേഞ്ചിംഗിന് ഏറെ അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തലാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.
കോവിഡ് കാലത്ത് മറ്റ് തുറമുഖങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ ക്രൂചേഞ്ചിംഗ് സെന്റർ തുടങ്ങിയാൽ നിരവധി കപ്പലുകൾ വിഴിഞ്ഞത്തെത്തുമെന്നും വിഴിഞ്ഞം ഒരു പ്രധാന ക്രൂചെയ്ഞ്ചിംഗ് സെൻറായി മാറാൻ സാധ്യതയുള്ള ഇടമാണെന്നും ആനന്ദ് മൊറായിസ് അധികൃതരെ ബോധ്യപ്പെടുത്തി. ഇതോടെയാണ് മാരി ടൈം ബോർഡ് മുൻകൈയെടുത്ത് വിഴിഞ്ഞത്ത് ക്രൂചേയ്ഞ്ചിംഗ് സെന്ററിനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്നും നേടിയെടുത്തത്. തുടർന്ന് 2019 ജൂലൈയിൽ തന്റെ ഫ്രണ്ടിയർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് കമ്പനി വഴി തിരുവനന്തപുരം സ്വദേശിയുടെ ഡോവിംഗ്സ് ഷിപ്പിംഗ് കമ്പനിയുമായിചേർന്ന് ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ ഒരുലക്ഷം ടൺ ഭാരമുള്ള എവർഗ്രീൻ എന്ന ചരക്ക് കപ്പലിനെ വിഴിഞ്ഞത്തെത്തിച്ച് ചരിത്രം സൃഷ്ടിച്ചു. അതോടെഏതു തരം കപ്പലുകളെയും വിഴിഞ്ഞം തീരത്തടുപ്പിക്കാമെന്ന് ലോകത്തെയും ബോധ്യപ്പെടുത്തി.ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകം മുഴുവനും ചുറ്റുന്ന നൂറ് കണക്കിന് കപ്പലുകൾ വന്ന് മടങ്ങിയ വഴിയിൽ പത്തു കോടിയോളം രൂപയാണ് സർക്കാർ ഖജനാവിലെത്തിയത്.
പിന്നീട് ചിലകാരണങ്ങളുടെ പേരിൽ അടച്ചു പൂട്ടിയ വിഴിഞ്ഞത്തെ സെൻറിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ നടന്നു വരവെയാണ് ആനന്ദ് മൊറായിസിന്റെ അപ്രതീക്ഷിത വിയോഗം .തൂത്തുക്കുടി ഷിപ്പ് ഏജന്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. തിരുവനന്തപുരം സ്വദേശിനി റേയ്മോൾ ഭാര്യയാണ്. ഡില്ലൻ മൊറായിസ് , ബെലിൻഡാ മൊറായിസ് എന്നിവർ മക്കളാണ്.