പട്ടം-കുറവൻകോണം റോഡ് തകർന്നു; വാഹനയാത്ര ദുഷ്കരം
1300917
Wednesday, June 7, 2023 11:51 PM IST
പേരൂർക്കട: പട്ടം സിഗ്നൽ പോയിന്റിൽനിന്നു കുറവൻകോണം വഴി കവടിയാറിലേക്ക് പോകുന്ന റോഡിന്റെ ഒരു ഭാഗം തകർന്ന നിലയിൽ. പട്ടം ജംഗ്ഷനിൽനിന്ന് അര കിലോമീറ്ററോളം ദൂരം പിന്നിട്ട് കഴിയുമ്പോൾ വരുന്ന റോഡാണ് തകർന്നു കിടക്കുന്നത്. ഭംഗിയായി ടാർ ചെയ്തിട്ടുള്ള റോഡിന്റെ ചില ഭാഗങ്ങൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇവിടെ കൊടും വളവായതിനാൽ വാഹന യാത്രക്കാർ ഭീഷണിയിലാണ്. വളവ് തിരിഞ്ഞു വരുന്ന ഇരുചക്രവാഹന യാത്രികർ റോഡിലെ മണ്ണിൽ തെന്നി വീഴാനുള്ള സാധ്യത കൂടുതലാണ്. പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് റോഡ് കുഴിച്ചതോടെയാണ് ടാർ പൂർണമായി ഇളകി വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
രാത്രികാലങ്ങളിൽ വളവു തിരിഞ്ഞു വരുന്ന വാഹനങ്ങൾ അറിയാതെ കുഴിയിൽ അകപ്പെടുകയാണെങ്കിൽ വൻ അപകടമായിരിക്കും സംഭവിക്കുന്നത്. പിഡബ്ല്യുഡി അധികൃതർ അടിയന്തരമായി ഇടപ്പെട്ട് കുഴിമൂടി റോഡിൻറെ അപകടാവസ്ഥ ഇല്ലാതാക്കണമെന്നതാണ് ആവശ്യം.