മഴക്കാല മുന്നൊരുക്കം: തയാറെടുപ്പുകള്‍ വിലയിരുത്തി
1300882
Wednesday, June 7, 2023 11:13 PM IST
തിരുവനന്തപുരം: ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര് അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടുന്ന സാഹചര്യം ഉണ്ടായാല്‍ അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രിമാരായ ജി. ആര്.അനിലും ആന്റണി രാജുവും പറഞ്ഞു. യോഗത്തില്‍ അതത് വകുപ്പുകള്‍ നിലവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.തൈക്കാട് പൊതുമാരമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മന്ത്രിമാര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം ജെ.അനില്‍ ജോസ് , സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന് വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കരമനയാര്‍,കിള്ളിയാര്‍, പഴവങ്ങാടിതോട്, ഉള്ളൂര്‍ തോട്, തെക്കനക്കര കനാല്‍ എന്നിവയുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവരുന്നതായും കിള്ളിയാര്‍, കരമനയാറ് , പഴവങ്ങാടി തോട് എന്നിവയുടെ ഏറ്റവും ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയെന്ന് അധികൃതർ പറഞ്ഞു.