ന്യൂനമർദം ചുഴലിക്കാറ്റാകും
1300691
Wednesday, June 7, 2023 12:12 AM IST
വിഴിഞ്ഞം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റായി മാറാൻ സധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരപ്രദേശ മേഖലയിലെ ജനങ്ങൾക്ക് ശക്തമായ ജാഗ്രതാ നിർദേശവുമായി അധികൃതർ. കടലിൽമത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നു നിർദേശം നൽകിയ അധികൃതർ ഉൾക്കടലിൽ പോയ വള്ളങ്ങൾ എത്രയും പെട്ടെന്ന് സുരക്ഷിതമായ തീരങ്ങളിൽ അടുപ്പിക്കണമെന്ന മുന്നറിയിപ്പും നൽകി.
വിഴിഞ്ഞം തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും കരയിലും കടലിലും ഉച്ചഭാഷിണി വഴി എല്ലാ തീരങ്ങളിലും എത്തി മുന്നറിയിപ്പ് നൽകി. കൂടാതെ എല്ലാ ആരാധനാലയങ്ങളിലും കടലോരജാഗ്രതാ സമിതികൾക്കും ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. ഇന്നലെ രാവിലെ മുതൽ അധികൃതരുടെ ജാഗ്രതാ നിർദേശം ഉണ്ടായിരുന്നെങ്കിലും രാത്രി എട്ടോടെ ശക്തമായ മുന്നറിയിപ്പ് ദുരന്ത നിവാരണ അഥോരിറ്റി അധികൃതർ വിഴിഞ്ഞത്തെ കടൽ രക്ഷാസേനയ്ക്കു നൽകി. ആവശ്യമെങ്കിൽ ജനത്തെ സുരക്ഷിത സ്ഥാനങ്ങളിൽ മാറ്റാനായുള്ള ക്യാന്പുകൾ തുറക്കുന്നതിനു സൗകര്യം സജീകരിക്കണമെന്നും നിർദേശമുണ്ട്.