അപ്പർ കോതയാറിന്റെ അതിഥിയായി അരിക്കൊന്പൻ
1300687
Wednesday, June 7, 2023 12:12 AM IST
കാട്ടാക്കട. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടിവച്ചു പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ടു.
നെയ്യാറിന് അപ്പുറമുള്ള വനഭാഗം തെക്കൻ കേരളത്തിലെ നെയ്യാർ, ചേർന്നു കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് സർക്കാരും സ്ഥിരീകരിച്ചു. ഏതു നിമിഷവും തണുത്ത കാലാവസ്ഥയുള്ള പ്രദേശമാണ് കന്യാകുമാരി ജില്ലയിലെ അപ്പർ കോതയാർ. ഇതിനു താഴെയാണ് കോതയാറും പേച്ചിപ്പാറയും. ഇതിനടുത്ത് കിടക്കുന്നത് നെയ്യാർ വന്യജീവി സങ്കേതം. തിരുവനന്തപുരത്ത് നിന്നും കേവലം 70 കിലോമീറ്റർ താണ്ടി വന്നാൽ അപ്പർ കോതയാറിലെത്താം. അപ്പർ കോതയാറിലാണ് സംസ്ഥാന വനാർത്തി ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി (നാഗർകോവിൽ ) തിരുനെൽവേലി ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വനഭൂമിയാണ് കളക്കാട് മുണ്ടെൻതുറൈ കടുവാ സങ്കേതം. ഈ കടുവാ സങ്കേതം വരുന്ന അപ്പർ കോതയാറിലാണ് അരി കൊമ്പൻ തങ്ങുക. അതായത് അഗസ്ത്യമലയുടെ മറു ഭാഗം അഗസ്ത്യകൂടത്തിൽ നിന്നും ഒരു കിലോമീറ്റർ കടന്നാൽ കളക്കാട്മുണ്ടെൻതുറെ സങ്കേതപരിധിയിൽ എത്താം. ഈ വനഭാഗം അറിയപ്പെടുന്നതു തന്നെ അഗസ്ത്യമലയെന്നാണ്. അഗസ്ത്യമലയിൽ നിന്നാണ് തമിഴ്നാട്ടിലെ അംബാസമുദ്രം, തിരുനെൽവേലി ജില്ലകളിൽ വെള്ളം എത്തിക്കുന്ന നദികൾ ഉള്ളത്. ഇവിടെ തന്നെ നിരവധി അണക്കെട്ടുകളുമുണ്ട്. ഇവിടെയാണ് അരികൊമ്പനെ തുറന്നു വിടാൻ തമിഴ്നാട് സർക്കാർ ശ്രമിക്കുന്നത്. ആനയും കടുവയും പുലിയും അടക്കം നിരവധി വന്യജീവികളുടെ സങ്കേതമാണ് ഈ വനഭൂമി. കല്ലാന എന്നു വിളിക്കുന്ന ആനകളിൽ കുഞ്ഞൻ ഇവിടെ ധാരാളുമുണ്ട്. ഇവിടെയാണ് അരികൊമ്പൻ എത്തുന്നത്. ഈ വനഭാഗത്ത് ആനത്താരകളും നിരവധിയുണ്ട്. അതേ പോലെ തന്നെ കാട്ടു വഴികളും തെളിഞ്ഞു കിടപ്പുണ്ട്. പച്ചപ്പും പുൽമേടും കുന്നുകളും കൊടും കാടും നിറഞ്ഞ ഇവിടെ അരികൊമ്പന് യഥേഷ്ടം വിഹരി ക്കാം. ഇവിടെ ഒരിക്കലും വറ്റാത്ത നദികളും ഉറവകളുമുണ്ട്. ഈ വനഭാഗത്ത് 40 ളം ആദിവാസി ഊരുകളുമുണ്ട്. ഇതു വഴി അഗസ്ത്യമലയിലേക്ക് ഊടുവഴി തെളിഞ്ഞു കിടപ്പുണ്ട്. ഇതുവഴി ആനകൾ കേരള ഭാഗത്ത് എത്താറുണ്ട്.
മുളം കാടുകളും ഈറക്കാടുകളും നിറഞ്ഞ പ്രദേശമാണ് അഗസ്ത്യകൂടം. ഇതു തേടിയാണ് ആനകൾ കൂട്ടമായി എത്തുന്നത്. അതിനാൽ തന്നെ അഗസ്ത്യമലയിലും അരികൊമ്പൻ ചിലപ്പോൾ എത്തിയേക്കാം. ഈ സങ്കേതത്തിന്റെ അതിരു പങ്കിടുന്ന പ്രദേശമാണ് നെയ്യാർ - പേപ്പാറ കാടുകൾ. പേപ്പാറയുടെ ഭാഗമാണ് അഗസ്ത്യകൂടം. എന്നാൽ ചുറ്റുമുള്ള വനഭാഗങ്ങൾ നെയ്യാർ വന്യജീവി സങ്കേത്തിൽപ്പെട്ടതാണ്. ചിന്നകനാൽ പോലെ അരികൊമ്പന് ഇഷ്ടപ്പെട്ട കാലാവസ്ഥ അപ്പർ കോതയാറിലും തൊട്ടുടുത്ത മുത്തുക്കുഴിയിലുമുണ്ട്. ഇവിടെ എത്തിയാൽ അവിടെ നിന്നും പേപ്പാറയിലോ നെയ്യാറിലോ പൊന്മുടിയിലോ എത്താൻ സാധ്യതയേറെയാണ്.