മധുരം വിളമ്പി, തലസ്ഥാനത്തിന്റെ മകളായി സ്വീഡിഷ് യുവതി
1300191
Sunday, June 4, 2023 11:56 PM IST
പേരൂര്‍ക്കട: തലസ്ഥാനത്തെ മധുരമൂറും വിഭവങ്ങള്‍ക്ക് ഒരു സ്വീഡിഷ് ടച്ച്..! സ്വീഡനില്‍ ജനിച്ച് കേരളത്തില്‍ ചേക്കേറിയ ഷെഫായ ഇന്‍ഗ്രിഡിന്റെ മകള്‍ നിത്യയാണ് (29) വഴുതക്കാട് എംപി അപ്പന് റോഡില്‍ "കസാ ബേക്സ്' എന്ന പേരില്‍ സ്വീഡിഷ് ബേക്കറി നടത്തിവരുന്നത്.
18 വര്‍ഷത്തിനു മുമ്പാണ് ഷെഫായ തലസ്ഥാനത്ത് എത്തുന്നത്. ഇവര്‍ ആരംഭിച്ച കഫേയായിരുന്നു കസാബിയംഗ. 1991-ലാണ് സ്വീഡനിലെ പ്രശസ്തമായ ഹോട്ടലില്‍ ഷെഫായ ഇന്‍ഗ്രിഡ് കേരളത്തില്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്നത്.
യോഗയോട് അഭിനിവേശമുള്ള ഇന്‍ഗ്രിഡ് വഴുതക്കാട് സ്വദേശിയും യോഗ പരിശീലകനുമായ ശാന്തി പ്രസാദിനെ പരിചയപ്പെട്ടു. പരിചയം പിന്നീട് പ്രണയത്തിനു വഴിമാറി. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും വിവാഹിതരുമായി.
ഭക്ഷണപ്രിയനായിരുന്ന ശാന്തി പ്രസാദിന് ഇന്‍ഗ്രിഡ് സ്വീഡന് കേക്കുകള്‍ തയാറാക്കിക്കൊടുത്തു. അന്നു കേരളത്തിലെ അപൂര്‍വം ഇടങ്ങളില്‍ മാത്രമാണ് യൂറോപ്യന്‍ വിഭവങ്ങള്‍ ലഭിച്ചിരുന്നത്.
2005-ലാണ് കസാബിയംഗ ആരംഭിക്കുന്നത്. 2010-ല്‍ കഫേ പ്രവർത്തനം അവസാനിപ്പിച്ച് ഇന്‍ഗ്രിഡ് ഭര്‍ത്താവിനും മകള്‍ നിത്യക്കും ഒപ്പം സ്വീഡനിലേക്ക് പറന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്.
അതോടെ അമ്മ പകര്‍ന്ന സ്വീഡന്രുചി മകള്‍ നിത്യയിലൂടെ തലസ്ഥാനവാസികള്‍ക്ക് വീണ്ടുമെത്തി. ഇന്‍ഗ്രിഡ് തുടങ്ങിയ അതേയിടത്താണ് നിത്യ സ്വീഡിഷ് വിഭവങ്ങളൊരുക്കി കസാ ബേക്സ് ആരംഭിച്ചത്. പഴയപോലെ ഡൈനിംഗ് സൗകര്യം ഇപ്പോള്‍ ഇവിടില്ല. വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.
സ്വീഡിഷ് സിന്നമണ്‍ ബണ്‍, റാസ്ബറി പൈ, ചോക്ലേറ്റ് ചിപ്പ് എന്നിവയ്ക്ക് 300 മുതല്‍ 1000 രൂപ വരെയാണ് വില. പഴങ്ങള്‍ മാത്രമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. നിത്യക്ക് സഹായവുമായി സഹോദരന് ആരോണും ഒപ്പമുണ്ട്.