ആർസിസിയിൽ എത്തുന്നവർക്ക് ആശ്വാസമായി റെയിൽവേയുടെ റിസർവേഷൻ കൗണ്ടർ
1299906
Sunday, June 4, 2023 7:01 AM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം ആർസിസിയോട് ചേർന്ന് പുതുതായി ആരംഭിച്ച റെയിൽവേ റിസർവേഷൻ കൗണ്ടർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒട്ടേറെ ആശ്വാസമാകുന്നു. ഏത് ക്ലാസിലേക്കുള്ള ടിക്കറ്റും ഇവിടെ നിന്ന് ബുക്ക് ചെയ്യാം എന്നുള്ളതാണ് വളരെ ആശ്വാസം പകരുന്നത്.
കുടപ്പനക്കുന്ന് കളക്ടറേറ്റിനുള്ളിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലുമാണ് പ്രധാനമായും ഉയർന്ന ക്ലാസുകളിലേക്കുള്ള ടിക്കറ്റുകൾ ലഭ്യമായിരുന്നത്. ആർസിസിയിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് സെക്കൻഡ് ക്ലാസ് സ്ലീപ്പർ ടിക്കറ്റുകൾ സൗജന്യമാണ്.
അതുകൊണ്ടുതന്നെ ആശ്വാസകരമായ രീതിയിൽ അടുത്ത സ്ഥലത്തുനിന്ന് ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ഒരുപക്ഷേ ക്യൂവിൽ നിന്ന് ടിക്കറ്റുകൾ നേടേണ്ട അവസ്ഥയിലായിരുന്നു. രോഗിയുടെകൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് 25 ശതമാനം ചാർജ് മാത്രമേ ഈടാക്കുന്നുമുള്ളൂ.
തങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്നും ആശുപത്രിയിലേയ്ക്ക് വരാനും തിരികെ പോകാനും ഉള്ള ടിക്കറ്റുകൾ ഇവിടെ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. അതുപോലെ ആർസിസിയിൽ നിന്നും മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് രോഗിയെ ചികിത്സയ്ക്കായി റഫർ ചെയ്യുകയാണെങ്കിൽ ആസ്ഥലത്തേയ്ക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഈ ആനുകൂല്യം ലഭ്യമാണ്.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം കൗണ്ടർ പ്രവർത്തിക്കുന്നതാണ്. ആർസിസിക്ക് സമീപം റെയിൽവേ റിസർവേഷൻ കൗണ്ടർ ആരംഭിച്ചിട്ടുള്ള വിവരം ഭൂരിഭാഗം പേർക്കും അറിയില്ല. പലപ്പോഴും ദൂരസ്ഥലങ്ങളിൽ പോയി ക്യൂ നിന്ന് ടിക്കറ്റുകൾ വാങ്ങി കഴിയുമ്പോഴാണ് ഇത്തരത്തിലുള്ള സംവിധാനത്തെ കുറിച്ച് പലരും അറിയുന്നത്.