കണ്ടല ഹൈസ്കൂളിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു
1299331
Thursday, June 1, 2023 11:56 PM IST
കാട്ടാക്കട: കണ്ടല ഹൈസ്കൂൾ ഹൈടെക് പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ഒരുവശത്തെ ചുമർ ഇടിഞ്ഞു വീണു. ബുധനാഴ്ച രാത്രിയിലാണ് ചുമർ ഇടിഞ്ഞു വീണത്.
പ്രവേശനോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ സ് കൂളിലെത്തിയ പിടിഎ ഭാവരവാഹികളും അധ്യാപകരുമാണ് ചുമർ ഇടിഞ്ഞുവീണതു കാണാനിടയായത്്. ഉടൻ തന്നെ ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കെട്ടിട നിർമാണത്തിൽ ക്രമക്കേടും അപാകതയും ഉണ്ടെന്ന് ആരോപണമുണ്ട്.
മൂന്നുവർഷം മുമ്പാണ് നിർമാണ ജോലികൾ ആരംഭിച്ചത്. സ് കൂളിൽ നിലവിലുണ്ടായിരുന്ന ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റിയശേഷം ബഹുനില നിർമാണത്തിന്റെ ജോലികളാണ് നടന്നു വരുന്നത്. ഐ.ബി. സതീഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു മൂന്നുകോടി രൂപയാണ് സ്കൂൾ വികസനത്തിനായി അനുവദിച്ചത്. നീളത്തിൽ നിർമിച്ച കെട്ടിടത്തിന്റെ ഒരു ഭാഗത്തു ബഹുനില മന്ദിരത്തിന്റെ പണികൾ പൂർത്തിയായി. ഒരുനില പൂർത്തിയായ ഭാഗത്തു കെട്ടിടത്തിന്റെ ഭംഗി കൂട്ടുന്നതിനുവേണ്ടി തള്ളിനിർമിച്ച കനം കുറഞ്ഞ ചുമരാണ് ഇടിഞ്ഞു വീണത്. കാട്ടാക്കട മണ്ഡലത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന സംസ്ഥാന പ്രവേശനോത്സവം പരിപാടി നടക്കുന്നതിനിടെയാണ് കാട്ടാക്കട മണ്ഡലത്തിൽ സ്കൂളിന്റെ ചുമർ ഇടിഞ്ഞു വീണത്. മലയിൻകീഴിൽ നിന്നും കേവലം അഞ്ചു കിലോമീറ്റർ മാറിയുള്ളതാണ് കണ്ടല ഹൈസ്കൂൾ.
സ്കൂൾ കെട്ടിടത്തിന്റെ ചുമരി ടിഞ്ഞുവീണ സംഭവമറിഞ്ഞ് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.