കാടു കടന്നും നെയ്യാർ താണ്ടിയും അവർ ഇന്ന് സ്കൂളിലെത്തും
1299079
Wednesday, May 31, 2023 11:51 PM IST
കാട്ടാക്കട: 20 കിലോമീറ്റർ വരെ കാടുകടന്ന് അവർ ഇന്നെത്തും. പുത്തനുടുപ്പും പുസ്തകങ്ങളും ബാഗുമായി അവർ വലിയ ആഘോഷത്തോടെയാണ് വരിക. കാട്ടുപാട്ടും ചാറ്റുപാട്ടും അലയടിക്കുന്ന അന്തരീക്ഷത്തിൽ അഗസ്ത്യമലനിരകളിലെ ആദിവാസി കുട്ടികൾ പഠിക്കാൻ എത്തുന്നത് പുറം നാട്ടിൽ.
ഏകാധ്യാപക വിദ്യാലയങ്ങൾ ഇല്ലാതെയായതോടെയാണ് വിദ്യാർഥികൾക്ക് ദുരി തമായത്. കുറ്റിച്ചൽ, അമ്പൂരി പഞ്ചായത്തുകളിലെ ആദിവാസി വിദ്യാർഥികളാണ് ഇന്ന് ഉത്തരംകോട് ഹൈസ്കൂളിലും അമ്പൂരി ഹയർസെക്കൻഡറി സ്കൂളിലുമെ ത്തുന്നത്. നേരത്തെ ഏകാധ്യാപക വിദ്യാലയങ്ങളാണ് അവർക്ക് ആശ്രയമായിരുന്നത്. കുറ്റിച്ചലിലെ ചോനംപാറ മുതൽ പാറ്റാംപാറ വരെയുള്ള കാണി മേഖലയിലാണ് സർവശിക്ഷ അഭിയാൻ നേതൃത്വം നൽകുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ ഉണ്ടായിരുന്നത്. അത് ഇല്ലാതെയായതോടെ പഠനം പുറത്തേക്ക് മാറ്റി.
അമ്പൂരി പഞ്ചായത്തിലെ ആദിവാസി കുട്ടികൾ എത്തുന്നത് നെയ്യാർ കടന്നാണ്. 10 മുതൽ 17 കിലോമീറ്റർ വരെ അകലത്തിൽ താമസിക്കുന്ന ഇവർ കാടുകടന്ന് നെയ്യാറിലെ വള്ളം കയറി വേണം സ്കൂളിലെത്താൻ. കുറ്റിച്ചലിലെ ആദിവാസി കുട്ടികൾ പുറംനാട്ടിൽ നിന്നും 20 കിലേമീറ്റർ താണ്ടിവേണം സ്കൂളിലെത്താൻ. കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട ഇവിടുത്തെ അധ്യായനം ഫലപ്രദമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി എഇഒ അറിയിച്ചു. കാട്ടാക്കട സബ്ജില്ലയിൽ ഒന്പത് ഏകാധ്യാപക വിദ്യാലയങ്ങളാണ് ഉണ്ടായിരുന്നത്.