പ്രവേശനത്തിനൊരുങ്ങി മലയോരത്തെ സ്കൂളുകള്
1299077
Wednesday, May 31, 2023 11:51 PM IST
വെള്ളറട: പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതിനു തുടക്കം കുറിച്ചു നടക്കുന്ന പ്രവേശനോത്സവത്തിനൊരുങ്ങി മലയോരത്തെ വിദ്യാലയങ്ങള്.
പിടിഎ കളുടെയും എസ്എംസികളുടെ യും നേതൃത്വത്തില് വിവിധ സ്കൂളുകളില് വിദ്യാര്ഥി പ്രവേശനത്തിനുള്ള ഒരുക്കങ്ങള് അവസാനഘട്ടത്തിലാണ്. ആയിരക്കണക്കിനു വിദ്യാര്ഥികള് ഒന്നാം ക്ലാസിലേക്കു പ്രവേശിക്കുന്നതിനെത്തും. കുരുന്നുകളെ അക്ഷരമുറ്റങ്ങളിലേയ്ക്ക് സ്വീകരിക്കുവാന് ഇക്കുറിയും വര്ണാഭമായ ചടങ്ങുകളുണ്ടാകും. പുതിയ അധ്യയന വര്ഷത്തേക്കുള്ള ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്. 2,82,47,520 ഒന്നാംവാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. കൈത്തറി യൂണിഫോം വിതരണവും പുരോഗമിക്കുന്നു. 41.5 ലക്ഷം മീറ്റര് തുണിയാണ് വിതരണം ചെയ്യുന്നത്. കുട്ടികള്ക്ക് അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂര്ത്തിയായി. ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലും സ്കൂള് പിടിഎ പ്രസിഡനന്റു മാരുടെ യോഗം മന്ത്രിയുടെ നേതൃത്വത്തില് മേയ് അഞ്ചുമുതല് 15 വരെ നടന്നു. സര്ക്കാര് സ്കൂളുകളോടനുബന്ധിച്ച് പിടിഎകളുടെ നിയന്ത്രണത്തിലുള്ള അംഗീകൃത പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകര്ക്കും ആയമാര്ക്കും മാര്ച്ചുവരെയുള്ള ഓണറേറിയം വിതരണം ചെയ്തു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീന് ക്യാമ്പസ് ക്ലീന് ക്യാമ്പസ് പദ്ധതി നടപ്പാക്കും.
സ്കൂളുകളില് ശുദ്ധജല ലഭ്യത ഉറപ്പാക്കാനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കാനുമുള്ള നടപടികള് പിടിഎയുടെ സഹായത്തോടെ പൂര്ത്തിയാക്കി. പച്ചക്കറിത്തോട്ടം നശിച്ചുപോകാതിരിക്കാന് പ്രാദേശിക കര്ഷകസമൂഹത്തിന്റെയും വിദ്യാര്ഥികളുടെയും രക്ഷാകര്ത്താക്കളുടെയും സഹകരണത്തിൽ പരിപാലിക്കാനും നടപടികളുണ്ട്.