തകര്‍ന്നുവീഴാറായ വീടുകളില്‍ ഭീതിയോടെ 36 കുടുംബങ്ങള്‍
1299075
Wednesday, May 31, 2023 11:51 PM IST
പാറശാല: ചുവപ്പുനാടയില്‍ കുടുങ്ങി ചെങ്കല്‍ പഞ്ചായത്തിലെ ലക്ഷംവീട് നവീകരണ പദ്ധതി. തകര്‍ന്നു വീഴാറായ വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കോളനി നിവാസികള്‍. വര്‍ഷങ്ങള്‍ പഴക്കംചെന്ന വീടുകളില്‍ മഴപെയ്താല്‍ ഒരു തുള്ളി വെള്ളം പോലും പുറത്തുപോകില്ല. ഏതു നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് പല വീടുകളെന്നും കോളനി നിവാസികള്‍ പറയുന്നു.
കൊച്ചുകുട്ടികള്‍ അടക്കമുള്ള താമസക്കാരായ 36 വീടുകളാണ് ഇവിടെയുള്ളത്. മഴക്കാലമാകുന്നതോടെ വീടുകളുടെ ബലക്കുറവും ചോര്‍ച്ചയും കാരണം ഇവര്‍ ഭീതിയിലാണ്. 18 വര്‍ഷങ്ങള്‍ക്കുമുമ്പു ലക്ഷംവീട് കോളനികള്‍ ഒറ്റ വീടായി മാറിത്തുടങ്ങിയത് മുതലാണ് കഷ്ടകാലം തുടങ്ങിയതെന്നു കോളനി നിവാസികള്‍ പറയുന്നു. അന്ന് 36,000 രൂപയ്ക്കാണ് വീടുകള്‍ നിര്‍മാണം നടത്തിയത്. അതിനുശേഷം നാളിതുവരെയും മാറിമാറി വരുന്ന പഞ്ചായത്തുകള്‍ അറ്റകുറ്റപ്പണികൾ ക്കായി ഒരു രൂപ പോലും അനുവദിക്കാത്തതും വീടുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമായി. പല വീടുകളുടെയും അകത്തളങ്ങളും മേല്‍ക്കൂരകളും തകര്‍ന്നിട്ടു ണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളാണ് ലക്ഷംവീട് ആശ്രയിക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വീട്ടിനകത്തു തന്നെ കക്കൂസ് നിര്‍മിക്കുവാന്‍ നിര്‍ഭയയുടെ സംഭവത്തിനുശേഷം തീരുമാനിച്ചതാണ്. ആ പേരില്‍ തന്നെ നിര്‍ഭയ ഫണ്ട് സര്‍ക്കാര്‍ ഇവർക്കുവേണ്ടി അനുവദിച്ചതാണ്. പക്ഷെ, അതൊന്നും ഈ ലക്ഷംവീട് കോളനിക്ക് നല്‍കിയിട്ടില്ല.
ലക്ഷംവീട് കോളനികള്‍ നവീകരിക്കുന്നതിലേക്കുവേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പ്ലാന്‍ ഫണ്ട് അടക്കമുള്ളവ പഞ്ചായത്ത് അധികൃതര്‍ വകമാറ്റി ചെലവഴിക്കുന്നതായാണ് ആരോപണങ്ങള്‍ ഉയരുന്നത്. യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണു കോളനി നിവാസികള്‍ ഇവിടെ കഴിഞ്ഞുപോരുന്നത്. കുടിവെള്ളം രണ്ടുദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പൈപ്പുകളില്നിന്നു ലഭിക്കാറുള്ളൂ. കുടിവെള്ളക്ഷാമം നേരിടുന്ന കോളനികള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ജലജീവന്‍ പദ്ധതി നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന തീരുമാനവും ചെങ്കല്‍ പഞ്ചായത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. അഞ്ചു കോടി രൂപ അനുവദിച്ച് ഒരു വര്‍ഷമായെങ്കിലും പ്രോജക്ടുകൾ തയാറാക്കാന്‍ ഭരണസമിതിക്കായിട്ടില്ല. രാത്രിയിൽ വെളിച്ചമില്ലായ്മയും കോളനി നിവാസികളെ ദുരിതത്തിലാക്കുന്നു.
36 ഓളം കുടുംബങ്ങള്‍ തിങ്ങിനിറഞ്ഞു താമസിക്കുന്ന കോളനിയില്‍ പട്ടയം പോലും ലഭിക്കാത്ത പല കുടുംബങ്ങളുണ്ട്. സാധാരണപ്പെട്ടവരായ ഇവര്‍ക്കിടയില്‍ വിധവകളും രോഗികളുമായുള്ളവരും താമസിച്ചുവരുന്നു. അധികാരികള്‍ കോളനി സന്ദര്‍ശിച്ച് അപകടാവസ്ഥയിലുള്ള വീടുകളെ പുനര്‍ നിര്‍മിച്ചു നിലവിലുള്ള ഭീതി അകറ്റുവാന്‍ തയാറാകണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെടുന്നു .
മുന്‍ ഭരണസമിതിയുടെ കാലഘട്ടത്തില്‍ ലക്ഷംവീട് കോളനികള്‍ നവീകരിക്കുന്നതിലേക്കായി രണ്ടു ലക്ഷം രൂപ വീതമാണ് ഓരോ കുടുംബത്തിനും അനുവദിച്ചിരുന്നതാണ്. നിലവിലെ ഭരണസമിതി ഈ ഫണ്ടുകള്‍ ഉപയോഗപ്പെടുത്താത്തതാണ് കോളനിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത്തെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവള രാജകുമാര്‍ പറഞ്ഞു.