സുസ്ഥിര നഗരവികസനത്തിന് ഹരിതോർജ സാധ്യതകൾ ഉപയോഗിക്കും: മുഖ്യമന്ത്രി
1298792
Wednesday, May 31, 2023 4:27 AM IST
തിരുവനന്തപുരം: അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമെന്ന നിലയിൽ സുസ്ഥിര നഗരവികസനത്തിന് പുനരുപയോഗ ഊർജ സാധ്യതകളെ ഉപയോഗിക്കുക എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനെർട്ട് സംഘടിപ്പിക്കുന്ന സോളാർ, ഇലക്ട്രിക് വെഹിക്കിൾ എക്സ്പോയും തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിനുള്ള പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പ്രകൃതി സൗഹൃദ നയത്തിന്റെ മികച്ച മാതൃകയാണ് കൊച്ചി വാട്ടർ മെട്രൊ. സംസ്ഥാന സർക്കാർ 1137 കോടി രൂപ ചെലവഴിച്ച് കാർബൺ ബഹിർഗമനമില്ലാത്ത പുനരുപയോഗ സ്രോതസുകൾ ഉപയോഗിക്കുന്ന ഗതാഗത സംവിധാനമാണിത്.
ആദ്യ ഘട്ട സർവേയിലൂടെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും സൗരോർജ നിലയം സ്ഥാപിക്കുന്നതിനുള്ള പുരപ്പുറ സർവേ പൂർത്തിയാക്കി. നഗരത്തിലെ വൈദ്യുതി ഉപയോഗം പൂർണമായും പാരമ്പര്യേതര ഊർജസ്രോതസുകളിൽ നിന്നും നിറവേറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി നഗരത്തിനുള്ളിലെ പുരപ്പുറങ്ങളിൽ സ്ഥാപിക്കുന്ന സൗരോർജ നിലയങ്ങളും മാലിന്യത്തിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. വി.കെ. പ്രശാന്ത് എംഎൽഎ, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, കൗൺസിലർ രാഖി രവികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽ കുമാർ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ. ഹരികുമാർ,അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേളുരി, ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ് എന്നിവർ സംബന്ധിച്ചു.