കഴക്കൂട്ടം -കാരോട് ബൈപ്പാസ് തുറന്നു
1298789
Wednesday, May 31, 2023 4:27 AM IST
വിഴിഞ്ഞം: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ ഉദ്ഘാടനത്തിന് കാത്ത് നിൽക്കുകയോ ചെയ്യാതെ കഴക്കൂട്ടം - കാരോട് ബൈപ്പാസ് ഗതാഗതത്തിന് അധികൃതർ തുറന്നു നൽകി. അപാകതകൾ ചൂണ്ടിക്കാട്ടിപല സ്ഥലങ്ങളിലും നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾ പോലും വക വയ്ക്കാതെയാണ് രണ്ട് ദിവസം മുൻപ് റോഡ് തുറന്നത്.
കേരളത്തിലെ ആദ്യ കോൺക്രീറ്റ് റോഡ് എന്ന് അധികൃതർ അവകാശപ്പെടുന്ന കോവളം - തലക്കോട് മുതൽ തമിഴ്നാട് അതിർത്തിയായ ചെങ്കവിള വരെ നീളുന്ന രണ്ടാം ഘട്ട റോഡ് കോൺക്രീറ്റിട്ട് ബലപ്പെടുത്തി എന്ന തൊഴിച്ചാൽ സുരക്ഷാവേലികളോ, സിഗ്നൽ ലൈറ്റുകളോ, തെരുവ് വിളക്കുകളോ, സൂചനാ ബോർഡ് ഉൾപ്പെടെയുള്ള ഒന്നും സ്ഥാപിച്ചില്ല.
കോവളം മുതലുള്ള ഇരുപത് കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടം പൂർണമായി വിജനവും ഇരുട്ടിലുമാണ്. ഇത് അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നതിനൊപ്പം സാമൂഹ്യ വിരുദ്ധരുടെ താവളമാകാനും കാരണമാകും. മിക്ക സ്ഥലങ്ങളിലുംസർവീസ് റോഡുകളിൽ നിന്ന് ഏറെ ഉയരത്തിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. കൂരിരുട്ടിൽ ഏറെ വിജനമായ ഇവിടങ്ങൾ സാമൂഹ്യ വിരുദ്ധർക്ക് അനുഗ്രഹമാകുമെന്ന് നാട്ടുകാർ പറയുന്നു.