റോഷന്റെ നിശബ്ദ വിജയത്തിന് പൊന്‍തിളക്കം
1298420
Tuesday, May 30, 2023 12:07 AM IST
പേരൂർക്കട: സംസാരിക്കാനും കേൾക്കാനും കഴിയില്ലെങ്കിലും റോഷൻ മിടുമിടുക്കനാണ്. പരീക്ഷയിൽ മികച്ച വിജയം നേടി ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ് ഈ വിദ്യാർഥി. വലതുകാലിന് നീളക്കുറവുണ്ട്. പക്ഷേ നടനാണ്, നർത്തകനാണ്. തിരുവനന്തപുരം രാജാജി നഗർ കോളനി ഹൗസ് നമ്പർ 404ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ജീവനക്കാരൻ ലെനിൻതിരുവനന്തപുരം നഗരസഭയിൽ ക്ലാർക്കായ സന്ധ്യാറാണി ദമ്പതികളുടെ മൂത്ത മകനായ റോഷൻ എസ്. ലെനിനാണ് പരിമിതികളെ കഴിവുകൾ കൊണ്ട് മറികടന്നത്. വഴുതക്കാട് ജഗതി ബധിര വിദ്യാലയത്തിലെ വിദ്യാർഥിയാണ് റോഷൻ. വിദ്യാലയത്തിൽ 18 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതിൽ 17 പേർ വിജയിച്ചു. ജനിച്ച് എട്ടാം മാസം ബാധിച്ച ന്യൂമോണിയയും കരൾവീക്കവും റോഷന്റേ കേൾവിയും സംസാരവും നഷ്ടപ്പെടുത്തുകയായിരുന്നു.
നടക്കാറായപ്പോൾ വലംകാലിന് നീളക്കുറവിന്റെ വൈകല്യം അവനെ ഭിന്നശേഷിക്കാരനാക്കി. വിധി തകർത്ത മകന്റെ ജീവിതമോർത്ത് മാതാപിതാക്കൾ തകർന്നില്ല. പകരം അവനെ ഭിന്നതയുടെ ന്യൂനതയിൽനിന്ന് ശേഷിയുടെ ഉന്നതിയിലേക്ക് കൈപിടിച്ച് നടത്തി.
എസ്എസ്എൽസിക്കും സ്ക്രൈബില്ലാതെ പരീക്ഷ എഴുതിയാണ് റോഷൻ ഉന്നതവിജയം നേടിയത്.
ചേരിയിലെ കുരുന്നുകളുടെ കഥ പറയുന്ന, ഖയസ് മിലൻ സംവിധാനം ചെയ്ത മലയാള ചിത്രമായ "തല’യിൽ റോഷൻ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
അൻപതിലേറെ വേദികളിലും വിവിധ ചാനലുകളിലും നൃത്തവിസ്മയം തീർത്തിട്ടുണ്ട് റോഷൻ. 2014-ൽ യൂണിസെഫ് ചൈൽഡ് അച്ചീവർ അവാർഡ് നൽകി റോഷന്റെ മികവിനെ അംഗീകരിച്ചിരുന്നു.