വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ്
1298409
Tuesday, May 30, 2023 12:06 AM IST
വെഞ്ഞാറമൂട്: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.
അസം സ്വദേശിനിയും വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസിക്കുന്ന റിന മഹാറാ (30) ആണ് വീട്ടിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു. ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽനിന്ന് അത്യാഹിതസന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
ആംബുലൻസ് പൈലറ്റ് ബി. സുജിത്ത്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി.ആർ. വിവേക് എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിക്കുക യുമായിരുന്നു.