കരമന- കളിയിക്കാവിള റോഡ് വികസനം; ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
1246385
Tuesday, December 6, 2022 11:31 PM IST
തിരുവനന്തപുരം: കരമന- കളിയിക്കാവിള റോഡ് വികസനം സർക്കാരിന്റെ മുൻഗണന പദ്ധതികളിൽ ഉൾപ്പെടുന്നതാണെന്നും പ്രവൃത്തികൾ കൃത്യമായ ഇടവേളകളിൽ വിലയിരുത്താൻ ചീഫ് എൻജിനീയറെ (റോഡ്ഫണ്ട് ബോർഡ്-പിഎംയു) ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കരമന- കളിയിക്കാവിള റോഡ് വികസനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്.
കൊടിനട വരെ നിർമാണം പൂർത്തീകരിച്ചു.കൊടിനട മുതൽ വഴിമുക്ക് വരെ ഒന്നര കിലോമീറ്റർ ഭാഗം 30.2 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടി തുടരുകയാണ്. ഇതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം ബാലരാമപുരം ജംഗ്ഷനിൽ അടിപ്പാത ഉൾപ്പടെയുള്ള പദ്ധതിയ്ക്ക് പൊതുമരാമത്ത് പ്രോജക്ട് പ്രിപ്പറേഷൻ യൂണിറ്റ് മുഖേന വിശദപഠന റിപ്പോർട്ട് തയാറാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. ഡിപിആർ കിഫ്ബിയിൽ സമർപ്പിച്ച് സാന്പത്തികാനുമതി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഴിമുക്ക്-കളിയിക്കാവിള 17 കിലോമീറ്റർ ദൂരം കിഫ്ബി മുഖേന സർവേ നടത്തി, അതിന്റെ ഡിപിആർ പൊതുമരാമത്ത് വകുപ്പ് പ്രോജക്ട് പ്രിപ്പറേഷൻ യൂണിറ്റ് തയാറാക്കുന്നു. ഇതും കിഫ്ബിയിൽ സമർപ്പിച്ച് സാന്പത്തികാനുമതി ലഭ്യമാകേണ്ടതുണെന്നും എം.വിൻസന്റിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.