യുവതിയെ ആശുപത്രി മുറിക്കുള്ളിൽ വച്ച് തെരുവുനായ കടിച്ചു
1226388
Friday, September 30, 2022 11:29 PM IST
വിഴിഞ്ഞം: പൂച്ചയുടെ കടിയേറ്റതിനു പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതിയെ ആശുപത്രി മുറിക്കുള്ളിൽ വച്ച് തെരുവുനായ കടിച്ചു. വലതുകാലിൽ കടിയേറ്റ യുവതി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിഴിഞ്ഞം ചപ്പാത്ത് അജിത് ഭവനിൽ വാസവന്റെ മകൾ അപർണ (31)നെയാണ് തെരുവുനായ ആക്രമിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. കാലിൽ നിന്ന് രക്തം വാർന്ന യുവതിക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ വൈകിയെന്നും പരാതിയുയർന്നു. നാലു ദിവസം മുന്പ് വീട്ടിലെ പൂച്ച കടിച്ചതിനെ തുടർന്നുള്ള രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാനാണ് പിതാവിനൊപ്പം അപർണ്ണ എത്തിയത്. ആശുപത്രിയിലെ ഐപി വാർഡിനുസമീപം കുത്തിവയ്പ്പിനായി കസേരയിൽ ഇരിക്കുമ്പോൾ കസേരയുടെ അടിയിൽ
കിടന്നിരുന്ന നായയുടെ ആക്രമണമുണ്ടായതെന്ന് യുവതി പറഞ്ഞു. വലതു കാലിൽ കടിച്ചു ആഴത്തിലുള്ള മുറിവുണ്ടായി. പൂച്ചയുടെ കടിയും വലതു കാലിൽ തന്നെയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ പേടിച്ച യുവതി നിലവിളിച്ച് ഉൾമുറിയിലേക്ക് ഓടി . സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഭയന്നു മാറി നിന്നുവെന്നും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് സഹായത്തിന് എത്തിയതെന്നും പിതാവ് വാസവൻ പറഞ്ഞു.
ആഴത്തിലുള്ള മുറിവായതിനാൽ തുടർ ചികിത്സക്കു ജനറൽ ഹോസ്പിറ്റലിൽ പോകണമെന്നും അധികൃതർ നിർദേശിച്ചു. പ്രധാന ഡോക്ടർ എത്താൻ വൈകിയെന്ന പേരിൽ രണ്ടുമണിക്കൂറോളം പ്രാഥമിക ചികിത്സ വൈകിയെന്നു പിതാവ് പരാതിപ്പെട്ടു. ആംബുലൻസ് സൗകര്യമുണ്ടായിട്ടും വിട്ടുനൽ
കിയില്ലെന്നും ഒടുവിൽ സ്വന്തം വാഹനത്തിൽ ജനറൽ ആശുപത്രിയിലെത്തുകയായിരുന്നുവെന്നും വാസവൻ പറഞ്ഞു. പൂച്ചകടിയേറ്റതിനു വീടിനു സമീപത്തെ പുന്നക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചത്. അവിടെ നിന്നുള്ള നിർദേശാനുസരണമാണ് രണ്ടാം ഡോസിനായി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
എന്നാൽ പ്രാഥമിക ശുശ്രൂഷ അടക്കമുള്ള പരിചരണം നൽകുന്നതിൽ വീഴ്ചയോ കാലതാമസമോ ഉണ്ടായിട്ടില്ലെന്നു സാമൂഹികാരോഗ്യ കേന്ദ്ര അധികൃതർ പറഞ്ഞു.