ശബരിമല: ശബരിമലയിൽ മണ്ഡലകാല തീർഥാടനത്തിനു തുടക്കമായതോടെ അയ്യപ്പഭക്തരുടെ പ്രവാഹം തുടങ്ങി. ഇനിയുള്ള രണ്ടുമാസം കേരളത്തിലെ പ്രധാന വഴികളിലെല്ലാം ശബരിമല ലക്ഷ്യമാക്കി നീങ്ങുന്ന അയ്യപ്പഭക്തരുടെ സാന്നിധ്യമുണ്ടാകും.
ഇന്നലെ ഉച്ചയോടെയാണ് അയ്യപ്പഭക്തരെ സന്നിധാനത്തേക്കു കടത്തിവിട്ടത്. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തിയ ഭക്തർ മല കയറാനുണ്ടായിരുന്നു. 2.25 ന് ആദ്യ സംഘം വലിയ നടപ്പന്തലിലെത്തി. വൈകുന്നേരം നാലിനാണ് നട തുറന്നത്.
അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിലേക്ക് നട തുറക്കുന്നത് ഒരു മണിക്കൂർ നേരത്തേ ആക്കിയിരുന്നു. ഇന്നലെ പ്രത്യേക പൂജകളുണ്ടായിരുന്നില്ല എങ്കിലും ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത് 30,000 പേരാണ്. ആദ്യ രണ്ടു മണിക്കൂറിൽ 15,000 ആളുകൾ ദർശനത്തിനെത്തിയെന്നാണ് കണക്ക്. സന്നിധാനത്തുതന്നെ തങ്ങുന്ന പലരും പുലർച്ചെ നെയ്യഭിഷേകവും നടത്തിയാകും മടങ്ങുക. നെയ്യഭിഷേകം ഇന്ന് നിർമാല്യ ദർശനത്തേത്തുടർന്ന് ആരംഭിക്കും.
ഇന്ന് വെർച്വൽ ക്യൂ മുഖേന രജിസ്ട്രേഷൻ നടത്തിയവരുടെ എണ്ണം 70000 ആയിട്ടുണ്ട്. തത്സമയ ബുക്കിംഗിനും തിരക്കുണ്ടാകും. ആധാർ കാർഡ് കോപ്പി കൈവശമുണ്ടെങ്കിൽ മാത്രമേ തത്സമയ ബുക്കിംഗ് അനുവദിക്കുന്നുള്ളൂ.
ക്രമീകരണങ്ങൾ വിലയിരുത്തി മന്ത്രി വാസവൻ
ശബരിമല: ഈ വർഷത്തെ മണ്ഡല, മകരവിളക്ക് തീർഥാടനകാലം ഭംഗിയായി പൂർത്തിയാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വം ബോർഡും സർക്കാരുംപൂർത്തിയാക്കിയതായി മന്ത്രി വി.എൻ. വാസവൻ. ഇന്നലെ രാവിലെ സന്നിധാനത്തെത്തിയ മന്ത്രി വിവിധയിടങ്ങളിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
സന്നിധാനത്ത് പരമാവധി ഭക്തർക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 40 ലക്ഷം അരവണ ടിന്നുകൾ കരുതൽ ശേഖരമാക്കി സൂക്ഷിക്കാനും ദേവസ്വം ബോർഡ് ഇത്തവണ ശ്രദ്ധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
നിലയ്ക്കലിൽ 8000 വാഹനങ്ങൾക്കുണ്ടായിരുന്ന പാർക്കിംഗ് സൗകര്യം 10,000 ആക്കി വർധിപ്പിച്ചു. നിലയ്ക്കലിൽ തന്നെ പതിനേഴായിരം ചതുരശ്ര അടി പന്തൽ നിർമിച്ച് 2700 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി.
നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കിടത്തിച്ചികിത്സാ സൗകര്യങ്ങളോടെയുള്ള ആശുപത്രി പ്രവർത്തിച്ചുതുടങ്ങി. ഭക്തജനങ്ങൾക്ക് വെള്ളം, ലഘുഭക്ഷണം എന്നിവ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മരക്കൂട്ടത്ത് നിന്ന് കയറുമ്പോൾ വിശ്രമിക്കാനായി ആയിരം പേർക്കുള്ള സ്റ്റീൽ കസേര തയാറാക്കുന്നുണ്ട്. കാനനപാതയിൽ 132 കേന്ദ്രങ്ങളിൽ വിശ്രമിക്കാനും കുടിവെള്ളം നൽകാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഗസ്റ്റ് ഹൗസുകൾ തുറന്നു
പൂർണമായും നവീകരിച്ച സന്നിധാനത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ശബരി ഗസ്റ്റ് ഹൗസിന്റെയും പമ്പയിലെ വിഗ്നേശ്വര ഗസ്റ്റ് ഹൗസിന്റെയും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
ശബരിമല ഗസ്റ്റ് ഹൗസ് 54 മുറികളുടെ ആധുനിക സൗകര്യങ്ങളുമായാണ് പുനരുദ്ധരിച്ചിട്ടുള്ളത്. പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. യു. ജനീഷ് കുമാർ എംഎൽഎ,ദേവസ്വംബോർഡ് പ്രസിഡന്റ്പി.എസ്.പ്രശാന്ത്,
അംഗങ്ങളായ കെ.അജികുമാർ, സി.ജി.സുന്ദരേശൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു, ദേവസ്വം കമ്മീഷണർ വി.പ്രകാശ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത് കെ.ശേഖർ എന്നിവർ പ്രസംഗിച്ചു.
സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബിഎസ്എൻഎൽ
ശബരിമല: തിരുവതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ടിവിറ്റി നെറ്റ് വർക്ക് ഉറപ്പാക്കാൻ ബിഎസ്എൻഎൽ. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം പമ്പയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ്പി.എസ്.പ്രശാന്ത്, ബി.എസ്.എൻ.എൽ.ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ജ്യോതിഷ്കുമാർ, ജെ.ടി.ഒ അഭിലാഷ് എന്നിവർ പങ്കെടുത്തു.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 ഇടങ്ങളിൽ വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിച്ചതായി ബിഎസ്എൻ.ൽ ശബരിമല ഓഫീസ് ഇൻ ചാർജ് എസ്. സുരേഷ് കുമാർ പറഞ്ഞു. തിരുവതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചാണ് നെറ്റ് വർക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ ശബരിമല പാതയിൽ 4ജി ടവറുകളും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്.
അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വഴി ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളെയും സേവനങ്ങളെയും കൂടുതൽ ഏകോപിപ്പിക്കാനും ഇതുവഴി കഴിയും.
മീഡിയ സെന്റര്‍ സന്നിധാനത്ത് തുടങ്ങി
ശബരിമല: മണ്ഡല, മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സഹായത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ആരംഭിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് സന്നിധാനത്ത് നിര്‍വഹിച്ചു.
ചടങ്ങില്‍ എംഎല്‍എമാരായ പ്രമോദ് നാരായണ്‍, കെ.യു. ജനീഷ്കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ കെ. അജികുമാര്‍, സി.ജി. സുന്ദരേശന്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്.സുമേഷ്, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.മുരാരി ബാബു, ശബരിമല പിആര്‍ഒ ജി.എസ്. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡല- മകരവിളക്ക് കാലത്ത് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളും ശബരിമലയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മീഡിയ സെന്ററില്‍ നിന്ന് മാധ്യമങ്ങള്‍ മുഖേന പൊതുസമൂഹത്തിനു ലഭ്യമാക്കും. തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള വിവരവിനിമയപ്രവര്‍ത്തനങ്ങളും മീഡിയ സെന്റര്‍ മുഖേന നടക്കും. ഫോണ്‍- 04735202664
ശബരിമല വിശേഷം
ശബരിമല തീര്‍ഥാടനം: ചാറ്റ്ബോട്ട് വിവരങ്ങളിലൂടെ
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം കൊണ്ടുവന്ന ചാറ്റ്ബോട്ട് അയ്യപ്പഭക്തരുടെ ശ്രദ്ധയിലേക്ക്. ക്യുആര്‍ കോഡ് വഴിയാണ് സ്വാമി ചാറ്റ്ബോട്ടിലെ വിവരങ്ങളിലേക്കുള്ള പ്രവേശനവാതില്‍ തുറക്കുന്നത്. ജനശ്രദ്ധയാകര്‍ഷിക്കുന്ന ഇടങ്ങളിലെല്ലാം ക്യുആർ കോഡ് പതിപ്പിക്കുന്നുണ്ട്.
ജില്ലാതല അടിയന്തരഘട്ട പ്രതികരണവിഭാഗത്തിലേക്കും സന്ദേശം ലഭിക്കുംവിധമാണ് സംവിധാനം. കെഎസ്ആര്‍ടിസി ബസുകളില്‍ കോഡ് പതിപ്പിച്ച് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പ്രചാരണം ഉദ്ഘാടനം ചെയ്തു.
ആറു ഭാഷകളില്‍ ശബരിമലയുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ ലഭ്യമാകുന്ന ആധുനിക സംവിധാനം ഭക്തർക്ക് ഏറെ പ്രയോജനപ്പെടും.