ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആദ്യദിനം നെതർലൻഡ്സ് തരംഗം
Saturday, August 17, 2024 10:54 PM IST
മാഞ്ചസ്റ്റർ/ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ഫുട്ബോളിന്റെ 2024-25 സീസണിനു പന്തുരുണ്ടപ്പോൾ തരംഗമായത് ഓറഞ്ചീസ്. സീസണ് ഉദ്ഘാടനമത്സരത്തിൽ പ്രീമിയർ ലീഗ് വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി 1-0നു ഫുൾഹാമിനെ കീഴടക്കി.
87-ാം മിനിറ്റിൽ ഡച്ച് താരമായ ജോഷ്വ സിർക്സി നേടിയ ഗോളിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. ഇരുപത്തിമൂന്നുകാരനായ ജോഷ്വ ഈ വർഷം ജൂലൈയിലാണ് ഓൾഡ് ട്രാഫോഡിൽ എത്തിയത്. അഞ്ചു വർഷ കരാറിൽ ഈ ഫോർവേഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായി.
പ്രീമിയർ ലീഗിൽ ഡച്ച് താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു എവർട്ടണിനെതിരായത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന നാലാമത് നെതർലൻഡ്സ് കളിക്കാരൻ എന്ന നേട്ടത്തിലും ജോഷ്വയെത്തി.
റൂഡ് വാൻ നിസ്റ്റൽറൂയ്, അലക്സാണ്ടർ ബട്ട്നർ, ഡോണി വാൻ ഡി ബീക്ക് എന്നിവരായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റ പ്രീമിയർ ലീഗ് മത്സരങ്ങളിൽ മുന്‍പു ഗോൾ നേടിയവർ. മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി മാത്രമല്ല, ബയേണ്‍ മ്യൂണിക്, ആൻഡർലെക്റ്റ് ടീമുകൾക്കുവേണ്ടിയും അരങ്ങേറ്റത്തിൽ ഗോൾ നേടിയ ചരിത്രവും ജോഷ്വയ്ക്കുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന 22-ാമനാണ് ജോഷ്വ സിർക്സി. ഡെബ്യു ഗോളിൽ ചെൽസി (27), ആസ്റ്റണ്‍ വില്ല (26) ടീമുകൾ മാത്രമാണ് യുണൈറ്റഡിനു മുന്നിലുള്ളത്.
സ്ലോട്ട് സ്റ്റാർട്ട്
മാഞ്ചസ്റ്റർ യുണൈറ്റഡിനു പിന്നാലെ ലിവർപൂൾ എഫ്സിയിലും ഓറഞ്ചുമയം. യുർഗൻ ക്ലോപ്പ് മുഖ്യപരിശീല സ്ഥാനം ഒഴിഞ്ഞശേഷം തൽസ്ഥാനത്തെത്തിയ നെതർലൻഡുകാരനായ ആർനെ സ്ലോട്ടിന്റെ ശിക്ഷണത്തിൽ ലിവർപൂൾ എഫ്സിക്കു ജയം. മാനേജരായുള്ള ആദ്യ മത്സരത്തിൽ ചെന്പടയെ ജയത്തിലെത്തിക്കാൻ സ്ലോട്ടിനു സാധിച്ചു.
2001-02 സീസണിനുശേഷം പ്രീമിയർ ലീഗിലേക്കു തിരിച്ചെത്തി ഇപ്സ്വിച്ച് ടൗണിനെ എവേ പോരാട്ടത്തിൽ ലിവർപൂൾ 2-0നു കീഴടക്കി. ഗോൾ രഹിതമായ ആദ്യപകുതിക്കുശേഷം ഡീഗോ ജോട്ട (60’), മുഹമ്മദ് സല (65’) എന്നിവരായിരുന്നു ലിവർപൂളിന്റെ ഗോൾനേട്ടക്കാർ.
ജോട്ടയുടെ ഗോളിന് അസിസ്റ്റ് നടത്തിയത് സലയായിരുന്നു. ഇതോടെ ലിവർപൂളിനായി 350 മത്സരങ്ങളിൽനിന്ന് 300 ഗോൾ പങ്കാളിത്തം (212 ഗോളും 88 അസിസ്റ്റും) എന്ന നേട്ടത്തിൽ ഈജിപ്ഷ്യൻ താരമായ സലയെത്തി.
ഡച്ച് ക്ലബ്ബായ ഫെയ്നൂർദിൽനിന്നായിരുന്നു സ്ലോട്ട് ലിവർപൂൾ മാനേജർ സ്ഥാനത്തെത്തിയത്. കഴിഞ്ഞ 33 വർഷത്തിനിടെ പ്രീമിയർ ലീഗ് സീസണിലെ ആദ്യമത്സരത്തിൽ ലിവർപൂളിനെ ജയത്തിലെത്തിക്കുന്ന ആദ്യ പരിശീലകൻ എന്ന നേട്ടത്തിനും നാൽപ്പത്തഞ്ചുകാരനായ ആർനെ സ്ലോട്ട് അർഹനായി.
മറ്റു മത്സരങ്ങളിൽ ആഴ്സണൽ 2-0ന് വൂൾവ്സിനെയും ബ്രൈറ്റൺ 3-0ന് എവർട്ടണിനെയും ന്യൂകാസിൽ 1-0ന് സതാംപ്ടണിനെയും തോൽപ്പിച്ചു.
100
ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയുടെ 100-ാം സീസനാണ് 2024-25. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമതു ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എവർട്ടണ്, ആസ്റ്റണ്‍ വില്ല, ലിവർപൂൾ, ആഴ്സണൽ ക്ലബ്ബുകളാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.