എംബപ്പെ റയലുമായി ചർച്ച നടത്തി
Wednesday, February 21, 2024 1:39 AM IST
പാരീസ്: ഈ സീസണ് പൂർത്തിയാകുന്നതോടെ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരീസ് സെന്റ് ജർമയിൻ വിടുന്ന കിലിയൻ എംബപ്പെ റയൽ മാഡ്രിഡുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്.
ഫ്രീ ട്രാൻസ്ഫറായാണ് താരം സ്പാനിഷ് ക്ലബ്ബിലേക്കു നീങ്ങുക. റയലുമായി ഉടൻതന്നെ കരാർ ഒപ്പുവയ്ക്കുമെന്നുമാണു വിവരങ്ങൾ.
ഈ സീസണ് അവസാനത്തോടെ പിഎസ്ജിയുമായി എംബപ്പെയുടെ കരാർ അവസാനിക്കും. കരാർ പുതുക്കുന്നില്ലെന്നു താരം കഴിഞ്ഞയാഴ്ച ക്ലബ്ബിനെ അറിയിച്ചിരുന്നു. റയലിൽ ചേരാനാണു താത്പര്യമെന്നും ഫ്രഞ്ച് മുന്നേറ്റതാരം വ്യക്തമാക്കി.
കഴിഞ്ഞ മാസം റയൽ സമർപ്പിച്ച കരാറിൽ താരം ഒപ്പുവച്ചിരുന്നില്ല. ചില മാറ്റങ്ങളോടെയുള്ള പുതിയ കരാറിൽ ഉടൻതന്നെ ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷയിലാണു റയൽ. എന്നാൽ, എംബപ്പെയുടെ മനസ് മാറി പാരീസിൽത്തന്നെ തുടരുമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി.
കഴിഞ്ഞ കുറെ വർഷങ്ങളായി എംബപ്പെയെ എത്തിക്കാനായി റയൽ ശ്രമിക്കുന്നുണ്ട്. 2022ൽ ഒപ്പുവയ്ക്കുന്നതിന് അരികിലെത്തിയതാണ്. എന്നാൽ പിന്നീട് പിഎസ്ജിയിൽത്തന്നെ തുടരാൻ എംബപ്പെ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇത്തവണ എംബപ്പെ റയലുമായി കൂടുതൽ അടുത്തിരിക്കുകയാണ്.ഈ സീസണിൽ വിവിധ മത്സരങ്ങളിലായി 32 ഗോൾ നേടിയ എംബപ്പെ മികച്ച ഫോമിലാണ്.