പാക് ട്രാജഡി
Saturday, October 28, 2023 1:33 AM IST
ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാന്റെ സെമി സാധ്യത മങ്ങി. ജയം അനിവാര്യമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിനു പാക്കിസ്ഥാൻ തോറ്റു. 271 റണ്‍സ് ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്ക 47.2 ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ വിജയംകണ്ടു. എയ്ഡൻ മാർക്രമിന്റെ അർധ സെഞ്ചുറിയും (91) പിന്നെ വാലറ്റക്കാരുടെ ചെറുത്തുനിൽപ്പുമാണ് ദക്ഷിണാഫ്രിക്കയ്ക്കു ജയം സമ്മാനിച്ചത്.
ജയത്തോടെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. നെറ്റ് റണ്‍ റേറ്റിലാണ് ഇന്ത്യയെ മറികടന്നത്.
പാക് തകര്‍ച്ച
വൻ സ്കോർ ലക്ഷ്യമിട്ട് ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റ് ചെയ്യുകയായിരുന്നു. എന്നാൽ പാക്കിസ്ഥാൻ 46.4 ഓവറിൽ 270 റണ്‍സിൽ എല്ലാവരും പുറത്തായി. സ്പിന്നിനെ കൂടുതൽ അനുകൂലിക്കുന്ന ചെന്നൈയിലെ പിച്ചിൽ പാക്കിസ്ഥാൻ ബാറ്റർമാർ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രിസ് ഷംസി നാലു വിക്കറ്റുകൾ വീഴ്ത്തി. മൂന്നെണ്ണം മാർക്കോ ജാൻസനും സ്വന്തമാക്കി.
അർധ സെഞ്ചുറി നേടിയ നായകൻ ബാബർ അസം (50), സൗദ് ഷക്കീൽ (52) എന്നിവരാണ് പാക്കിസ്ഥാനായി ചെറുത്തുനിന്നത്. ആറാം വിക്കറ്റിൽ സൗദ് ഷക്കീൽ- ഷദാബ് ഖാൻ സഖ്യം 74 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഷദാബ് ഖാനെ (36 പന്തിൽ 43) ജെറാൾഡ് കോർട്സി പുറത്താക്കി. വൈകാതെതന്നെ സൗദ് ഷക്കീലും (52 പന്തിൽ 52 റണ്‍സ്) വീണതോടെ പാക്കിസ്ഥാന്റെ പതനം വേഗത്തിലായി.
ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം വൻ സ്കോറുകൾ അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്കയ്ക്ക് 34ൽ ഓപ്പണർ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. ക്യാപ്റ്റൻ ടെംബ ബാവുമയും (28) അധികം വൈകാതെ പുറത്തായി. പിന്നിട് റാസി വാൻ ഡെർ ഡുസനും എയ്ഡൻ മാർക്രവും ചേർന്നുള്ള 54 റണ്‍സ് സഖ്യം ദക്ഷിണാഫ്രിക്കയെ നൂറുകടത്തി. വാൻ ഡെർ ഡുസൻ (21) പുറത്തായതിനു പിന്നാലെ ഹെൻറിച്ച് ക്ലാസനും മടങ്ങി. തുടർന്ന് മാർക്രം-ഡേവിഡ് മില്ലർ കൂട്ടുകെട്ട് മുന്നോട്ടു നയിച്ചു. 70 റണ്‍സ് ചേർത്തശേഷം ഈ കൂട്ടുകെട്ട് പിരിഞ്ഞു. തുടർന്നെത്തിയ മാർകോ ജാൻസൻ മാർക്രമിനു പിന്തുണ നൽകി.
ദക്ഷിണാഫ്രിക്ക അനായാസ ജയം നേടുമെന്നു ഉറപ്പായിരിക്കേ സെഞ്ചുറിക്ക് ഒന്‍പതു റണ്‍ അകലെവച്ച് മാർക്രം പുറത്തായി. പിന്നാലെ, 235/6 എന്ന നിലയില്‍നിന്ന് 250/8 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു. ചെറുത്തുനിൽപ്പിനൊടുവിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ 18 പന്തിൽ അഞ്ചു റണ്‍സ് എന്ന നിലയിലായി.
മുഹമ്മദ് നവാസ് എറിഞ്ഞ 48-ാം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി പായിച്ച് കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്കു ത്രസിപ്പിക്കുന്ന ജയവും സമ്മാനിച്ചു. മഹാരാജ് (7), ഷംസി (4) എന്നിവർ പുറത്താകാതെ നിന്നു.