ആഘോഷമാക്കാൻ ഗോകുലം കേരള
Monday, October 23, 2023 12:43 AM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ രണ്ടു തവണ ചാന്പ്യൻമാരായ ഗോകുലം കേരള എഫ്സി 2023-24 സീസണിലേക്കുള്ള ജഴ്സി ഇന്നലെ പ്രകാശനം ചെയ്തു. ടിക്കറ്റ് വിൽപ്പനയുടെ ഒൗദ്യോഗിക ഉദ്ഘാടനവും ഇന്നലെ നടന്നു. ഗോകുലത്തിന്റെ സീസണിലെ ആദ്യ മത്സരം 28ന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴു മണിക്ക് ഇന്റർ കാശിക്കെതിരേ നടക്കും. ഐ ലീഗിലെ പുതുമുഖങ്ങളാണ് ഇന്റർ കാശി.
ഐ ലീഗ് സീസണ് കിക്കോഫിനു മുന്പ് തൈക്കുടം ബ്രിഡ്ജിന്റെ സംഗീത വിരുന്ന് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകുന്നേരം 4:30 മുതൽ നടക്കും. ആദ്യ മത്സരത്തിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും.
ഗോകുലത്തിന്റെ എല്ലാ ഹോം മത്സരങ്ങളിലും സ്ത്രീകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. ഓരോ മത്സരത്തിലെയും ടിക്കറ്റ് വാങ്ങുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.