വീണ്ടും റാഷ്ഫോഡ്; യുണൈറ്റഡ് രണ്ടാമത്
Monday, February 13, 2023 1:29 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവേ പോരാട്ടത്തിൽ ലീഡ്സ് യുണൈറ്റഡിനെ 0-2നു കീഴടക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത്. മാർക്കസ് റാഷ്ഫോഡ് (80'), ഗർനാച്ചൊ (85') എന്നിവരായിരുന്നു യുണൈറ്റഡിന്റെ ഗോൾ നേട്ടക്കാർ. സീസണിൽ റാഷ്ഫോഡിന്റെ 21-ാം ഗോളാണ്.
ജയത്തോടെ 23 മത്സരങ്ങളിൽ 46 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 45 പോയിന്റുണ്ട്. ആഴ്സണലും സിറ്റിയും 21 മത്സരങ്ങൾ വീതമേ കളിച്ചിട്ടുള്ളൂ.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽവച്ച് 4-1ന് ടോട്ടൻഹാം ഹോട്ട്സ്പുറിനെ തോൽപ്പിച്ചു. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡും ബേണ്മത്തും (1-1), ചെൽസിയും വെസ്റ്റ് ഹാമും (1-1) സമനിലയിൽ പിരിഞ്ഞു.