സിന്ധു പുറത്ത്, സൈന മുന്നോട്ട്
Tuesday, January 17, 2023 11:25 PM IST
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ 750 ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ പി.വി. സിന്ധു പുറത്ത്. വനിതാ സിംഗിൾസിൽ തായ്ലൻഡിന്റെ സുപാനിഡ കറ്റേതോംഗിനോട് നേരിട്ടുള്ള ഗെയിമിനാണ് ഇന്ത്യൻ താരം പുറത്തായത്.
സ്കോർ: 21-14, 22-20. അതേസമയം, സൈന നെഹ്വാൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മൂന്ന് ഗെയിം നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഡെന്മാർക്കിന്റെ മിയ ബ്ലിച്ഫെൽഡിനെ മറികടന്നാണ് സൈനയുടെ മുന്നേറ്റം. സ്കോർ: 21-17, 12-21, 21-19.
പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയെ കീഴടക്കി ഇന്ത്യയുടെ ലക്ഷ്യസെൻ രണ്ടാം റൗണ്ടിൽ. മലേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടിൽ പ്രണോയിയോട് തോറ്റ ലക്ഷ്യ, ഇന്ത്യ ഓപ്പണിൽ 21-14, 21-15നു ജയം സ്വന്തമാക്കി.
പുരുഷ ഡബിൾസിൽ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ടും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.