റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് അടുത്തമാസം
Saturday, October 19, 2024 10:24 PM IST
മുംബൈ: പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരേ പോലെ വികാരമായ ബ്രാൻഡാണ് റോയൽ എൻഫീൽഡ്.
കന്പനിയുടെ ഏതു പുതിയ ഉത്പന്നങ്ങൾക്കും എക്കാലത്തും ആവശ്യക്കാർ ഏറെയാണ്. നിരവധി ജനപ്രിയ മോഡലുകളാണ് റോയൽ എൻഫീൽഡ് കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
അവരുടെ പരന്പരാഗത ഡിസൈൻ സങ്കൽപ്പങ്ങൾക്കും രീതികൾക്കും പ്രാധാന്യം കൽപ്പിച്ചായിരുന്നു ഈ നിർമാണങ്ങളെല്ലാം. എന്നാൽ ഇലക്ട്രിക് വാഹന വിപണിയിലേക്കും കൂടി തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് റോയൽ എൽഫീൽഡ്.
ഇതിനു മുന്നോടിയായി തങ്ങളുടെ പുതിയ വാഹനം അവതരിപ്പിക്കുന്ന തീയതി ഉൾപ്പെടെയുള്ള ടീസർ പുറത്തുവിട്ടിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഇതുപ്രകാരം നവംബർ നാലിനാണ് കന്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങളിലെ ഒന്നാമൻ പുറത്തിറങ്ങുക.
ബൈക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കന്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം ബൈക്കിന്റെ ഡിസൈൻ പേറ്റന്റുകൾ നേരത്തേ ചോർന്നിരുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇലക്ട്രിക്01 (Electrik01) എന്നാകും ബൈക്കിന്റെ പേരെന്നാണ് വാർത്തകൾ. മോഡൽ പുറത്തുവിട്ട് ദിവസങ്ങൾക്കുള്ളിൽ ഇഐസിഐഎ മോട്ടോർ ഷോയിൽ ബൈക്ക് പ്രദർശിപ്പിക്കും.
അടുത്തവർഷം പകുതിയോടെയോ അല്ലെങ്കിൽ 2026ലോ ആയിരിക്കും ഈ വാഹനം വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ട്. ചെന്നൈ ആസ്ഥാനമായുള്ള റോയൽ എൻഫീൽഡിന്റെ പുതിയ ചെയ്യാറിലെ നിർമാണ പ്ലാന്റായിരിക്കും വാഹനത്തിന്റെ നിർമാണ കേന്ദ്രമായി പ്രവർത്തിക്കുക. പ്രതിവർഷം 1.5 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷി കൈവരിക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്.