ഫോക്സ്കോണ്‍ 8000 കോടി കൂടി നിക്ഷേപിക്കും
Wednesday, September 25, 2024 11:19 PM IST
ചെന്നൈ: തായ്വാൻ കന്പനിയായ ഫോക്സ്കോണ്‍ തമിഴ്നാട്ടിൽ ഒരു ബില്യണ്‍ ഡോളർ (8000 കോടിയിലേറെ രൂപ) മുതൽമുടക്കിൽ സ്മാർട്ട്ഫോണ്‍ ഡിസ്പ്ലേ മൊഡ്യൂൾ അസംബ്ലി യൂണിറ്റ് തുടങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇത്തരത്തിൽ കന്പനിയുടെ ആദ്യ സംരംഭത്തിനാണ് ഫോക്സ്കോണ്‍ പദ്ധതിയിടുന്നത്.
ഇന്ത്യയിൽ ആപ്പിളിന്റെ ഐഫോണുകൾ അസംബിൾ ചെയ്യുന്ന കന്പനികളിലൊന്നാണ് ഫോക്സ്കോണ്‍. ആപ്പിളിന്റെ ഐക്കണിക് ഉത്പന്നമായ ഐഫോണിന് സേവനം നൽകുകയാണ് പ്രാഥമിക ലക്ഷ്യമെങ്കിലും മറ്റ് ബ്രാൻഡുകൾക്കും രാജ്യത്ത് സ്മാർട്ട്ഫോണ്‍ നിർമാണ സഹായം നൽകാനാണ് പുതിയ സംരംഭത്തിലൂടെ ഫോക്സ്കോണിൻറെ ആലോചന.
തായ്വാനീസ് കന്പനിയായ ഫോക്സ്കോണ്‍ ഇന്ത്യയിലെ ബിസിനസ് വളർത്താനുള്ള ശ്രമങ്ങളിലാണ്. ഐഫോണുകൾക്ക് പുറമേ ഗൂഗിൾ പിക്സൽ ഫോണുകൾ അസംബിൾ ചെയ്യാനും തമിഴ്നാട്ടിലെ യൂണിറ്റിൽ ഫോക്സ്കോണ്‍ ഒരുങ്ങുന്നു. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ഇലക്ട്രോണിക് വെഹിക്കിൾസ്, ബാറ്ററീസ്, സെമികണ്ടക്ടർ മേഖലകളിൽ രാജ്യത്ത് മുതൽമുടക്കാൻ കന്പനി താത്പര്യപ്പെടുന്നുണ്ട്.
തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിലാണ് ഐഫോണുകൾക്കായുള്ള ഫോക്സ്കോണ്‍ ഫാക്ടറിയുള്ളത്. ഇതിന് പുറമേയാണ് സ്മാർട്ട്ഫോണ്‍ ഡിസ്പ്ലേകൾ അസംബിൾ ചെയ്യാനുള്ള ഒരു യൂണിറ്റ് കൂടി തമിഴ്നാട്ടിൽ ആരംഭിക്കാൻ ഫോക്സ്കോണ്‍ പദ്ധതിയിടുന്നത്.
ലോഞ്ച് തീയതി വ്യക്തമല്ലെങ്കിലും എത്രയും വേഗം യൂണിറ്റ് തുടങ്ങാനാണ് കന്പനിയുടെ പദ്ധതി. ചെന്നൈയിലെ ഐഫോണ്‍ അസംബിൾ യൂണിറ്റിന് തൊട്ടരികെ അഞ്ചു ലക്ഷം സ്ക്വയർ ഫീറ്റ് സ്ഥലം ഡിസ്പ്ലെ അസംബിൾ യൂണിറ്റിനായി ഫോക്സ്കോണ്‍ ഏറ്റെടുത്തതായി കന്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇറക്കുമതി കുറയ്ക്കാം, നിർമാണം വേഗത്തിലാക്കാം
ഫോക്സ്കോണിന്റെ പുതിയ ഡിസ്പ്ലേ അസംബിൾ യൂണിറ്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നതോടെ ചൈനീസ് ഡിസ്പ്ലേകളുടെ ഇറക്കുമതി കുറയ്ക്കാനും രാജ്യത്ത് സ്മാർട്ട്ഫോണ്‍ നിർമാണത്തിലെ കാലതാമസം ഒഴിവാക്കാനുമാകും.
ഡിസ്പ്ലേ മൊഡ്യൂൾ ഇറക്കുമതിയുടെ 60-65 ശതമാനവും ചില സെഗ്മെന്റുകളിൽ 90 ശതമാനം വരെ ചൈനയിൽ നിന്നാണ് വരുന്നത്. ദക്ഷിണ കൊറിയ 20-25 ശതമാനത്തിൽ രണ്ടാമത്തെ വലിയ വിതരണക്കാരാണ്.
സാംസംഗ് ഡിസ്പ്ലേ (ദക്ഷിണ കൊറിയ), ബിഒഇ ടെക്നോളജി (ചൈന), എൽജി ഡിസ്പ്ലേ (ദക്ഷിണ കൊറിയ), ടിയാൻമ മൈക്രോഇലക്ട്രോണിക്സ് (ചൈന), എയു ഒപ്ടറോണിക്സ് (തായ്വാൻ), ജപ്പാൻ ഡിസ്പ്ലേ (ജപ്പാൻ) എന്നീ കന്പനികളാണ് പ്രധാന ഡിസ്പ്ലേ മൊഡ്യൂൾ നിർമാതാക്കൾ.
നിലവിൽ ചൈനീസ് കന്പനികളായ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള ടിസിഎൽ സിഎസ്ഒടി, ഹരിയാനയിൽ ബവാലിലെ ടിഎക്സ്ഡി (ഇന്ത്യ) ടെക്നോളജി എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ്‍ ഡിസ്പ്ലേ മൊഡ്യൂൾ അസംബ്ലേഴ്സ്. ഇവിടെനിന്നാണ് സാംസംഗ്, ഷവോമി, വിവോ, ഓപ്പോ ബ്രാൻഡുകൾക്കുള്ള ഡിസ്പ്ലേ തയാറാക്കുന്നത്.
വെല്ലുവിളികൾ നിരവധി
ചൈനയിൽനിന്ന് വരുന്ന ഘടകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യ അധിഷ്ഠിത യൂണിറ്റുകൾക്ക് വെല്ലുവിളികൾ ഉയർത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ, വിപുലമായ ഡിസ്പ്ലേ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഉയർന്ന വൈദഗ്ധ്യം ഇന്ത്യക്കില്ല, ഇത് പ്രവർത്തനങ്ങളുടെ വ്യാപ്തിയെ തടസപ്പെടുത്തിയേക്കാം.