സിയാലിൽ എയ്റോ ലോഞ്ച് ഒന്നിന് തുറക്കും
Thursday, August 29, 2024 1:25 AM IST
നെടുമ്പാശേരി: യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യം ഒരുക്കാൻവേണ്ടി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) പൂർത്തിയാക്കിയ പുതിയ പദ്ധതിയുടെ ഭാഗമായ 0484 എയ്റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണിതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
അരലക്ഷം ചതുരശ്ര അടിയിൽ 37 മുറികൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാളുകൾ, കോ വർക്കിംഗ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, കഫേ ലോഞ്ച് എന്നിവ ഇതിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്കും സന്ദർശകർക്കും കയറാൻ കഴിയുംവിധം എയർപോർട്ടിനുള്ളിൽ സെക്യൂരിറ്റി ഹോൾഡ് ഏരിയയ്ക്കു പുറത്ത് ടെർമിനൽ രണ്ടിന്റെ ഭാഗത്താണ് എയ്റോ ലോഞ്ച്. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകൾക്കു സമീപമാണിത്.
അകച്ചമയങ്ങളിൽ കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും കായലും വള്ളവും സസ്യലതാദികളും രൂപകല്പന ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ എസ്ടിഡി കോഡിലാണു നാമകരണം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഒക്്ടോബറിൽ മുഖ്യമന്ത്രി നിർമാണോദ്ഘാടനം നിർവഹിച്ച ഏഴു മെഗാപദ്ധതികളിൽ മൂന്നെണ്ണം ഇതിനകം തുടങ്ങിയിട്ടുണ്ട്. പുതിയ എയ്റോ ലോഞ്ച് നാലാമത്തേതാണ്. രാജ്യാന്തര ടെർമിനലിന്റെ വികസനവും പുതിയ ലോഞ്ചുകളുടെയും ഫുഡ് കോർട്ടുകളുടെയും നിർമാണവും സിയാലിൽ പുരോഗമിക്കുകയാണ്. ബിസിനസ് ജെറ്റ് ടെർമിനൽ തുടങ്ങിയശേഷം ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടായിരത്തിലധികം സ്വകാര്യ ജെറ്റ് ഇവിടെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ വ്യക്തമാക്കി.
ഉദ്ഘാടനസമ്മേളനത്തിൽ മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, ഇ.എം. ബാബു, പി. മുഹമ്മദലി എന്നിവർ പങ്കെടുക്കും.