സന്പദ്ഘടന: സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തണം
Sunday, August 25, 2024 2:00 AM IST
ന്യൂഡൽഹി: 2047ൽ രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ 30 ലക്ഷം കോടി ഡോളറിലെത്തുന്പോൾ ഇതിൽ 14 ലക്ഷം കോടി ഡോളറിനടുത്ത് സ്ത്രീകളുടെ സംഭാവനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഹത്തായ ഈ നേട്ടം കൈവരിക്കുന്നതിന് 40 കോടി സ്ത്രീകൾ തൊഴിൽമേഖലയിലെത്തണം.
ഇപ്പോൾ രാജ്യത്തെ സ്ത്രീ ത്തൊഴിലാളികളുടെ നിരക്ക് (എൽഎഫ്പിആർ) 37 ശതമാനമാണ്. ഇത് 70 ശതമാനമായി ഉയർന്നാൽമാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ എന്ന് ദി നഡ്ജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
ദ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ ഡിസ്റ്റിലേഷൻ റിപ്പോർട്ട് അനുസരിച്ച്, വർഷങ്ങളായി പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) യുടെ കണക്ക് അടിസ്ഥാനമാക്കി, 2047 ഓടെ 11 കോടി സ്ത്രീകൾ മാത്രമേ തൊഴിൽ രംഗത്തേക്ക് കടക്കുകയുള്ളൂവെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലക്ഷ്യം കൈവരിക്കുന്നതിന് 14.5 കോടി സ്ത്രീകളുടെ കുറവാണ് സൃഷ്ടിക്കുന്നത്.
തൊഴിൽ സുരക്ഷയിലും വീണ്ടെടുക്കലിലും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വലിയ അസമത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്ത്രീകൾക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത ഏഴിരട്ടിയും തൊഴിൽ നഷ്ടത്തിൽനിന്നു മോചനമില്ലാത്ത അവസ്ഥ പതിനൊന്ന് മടങ്ങും അധികമാണ്.
2019 ൽ ജോലിയിലുണ്ടായിരുന്ന സ്ത്രീകളിൽ പകുതിയോളം പേർക്കും തൊട്ടടുത്ത വർഷം തൊഴിൽനഷ്ടമായതായും റിപ്പോർട്ട് വിലയിരുത്തുന്നു.
വളർച്ചാ അവസരങ്ങൾ കുറവുള്ള കൃഷി, നിർമാണം തുടങ്ങിയ മേഖലകളിലാണ് സ്ത്രീകൾ കൂടുതലായും ജോലി ചെയ്യുന്നത്. അവിദഗ്ധ തൊഴിലുകളിൽ പുരുഷന്മാരേക്കാൾ കുറവാണ് സ്ത്രീകളുടെ വരുമാനം.
കോവിഡ് -19 ഈ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി. വരുമാനനഷ്ടം ഉണ്ടായതോടെ വീണ്ടും തൊഴിൽരംഗത്തേക്കു കടക്കാൻ ഗ്രാമീണമേഖലയിലെ സ്ത്രീകൾ നിർബന്ധിതരായി.
തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയർത്തുന്നതിനു റിപ്പോർട്ടിലുള്ള പ്രധാന നിർദേശമാണ് ഡിജിറ്റൽ കൊമേഴ്സ് ഇൻഫ്രാസ്ട്രക്ചർ വഴിയുള്ള സംരംഭകത്വ അവസരങ്ങൾ കൂടുതലാക്കുകയെന്നത്.