എട്ടാം ദിനം വിപണി വീണു
Wednesday, March 26, 2025 11:58 PM IST
മുംബൈ: തുടർച്ചയായ ഏഴു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരി വിപണി വീണു. ലാഭമെടുക്കലും യുഎസ് തീരുവ പ്രഖ്യാപനങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് ഏഴ് ദിവസത്തെ വിജയ പരന്പര അവസാനിപ്പിച്ചത്.
നിഫ്റ്റി 182 പോയിന്റ് നഷ്ടത്തിൽ 23,487ലും സെൻസെക്സ് 729 പോയിന്റ് ഇടിഞ്ഞ് 77,288ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 എന്നിവ യഥാക്രമം 0.6 ശതമാനവും 1.1 ശതമാനവും ഇടിഞ്ഞു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനം 3.55 ലക്ഷം കോടി നഷ്ടത്തിൽ 411.39 ലക്ഷം കോടി രൂപയായി.
കഴിഞ്ഞ ഏഴു സെഷനുകളിലായി സെൻസെക്സും നിഫ്റ്റിയും ഏകദേശം 5.7 ശതമാനം നേട്ടമുണ്ടാക്കി. പോസിറ്റീവിനു ശേഷം നിക്ഷേപകർ ലാഭമെടുക്കലിലേക്കു കടന്നത് വിപണിയെ തകർച്ചയിലാക്കി.
അസംസ്കൃത എണ്ണ വില ഉയർന്നതും ഇന്ത്യൻ വിപണിക്കു തിരിച്ചടിയായി. ഇറേനിയൻ, വെനസ്വേലൻ ഓയിൽ കയറ്റുമതിക്ക് യുഎസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അസംസ്കൃത എണ്ണ വില ഉയർന്നു.