അനിൽ അംബാനിക്ക് അഞ്ചു വർഷത്തെ വിലക്ക്
Friday, August 23, 2024 11:27 PM IST
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ ഓഹരിവിപണിയിൽനിന്ന് അഞ്ചു വർഷത്തേക്കു വിലക്കി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിലെ (ആർഎച്ച്എഫ്എൽ) ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണു നടപടി.
അനിൽ അംബാനിക്ക് സെബി 25 കോടി രൂപ പിഴ ചുമത്തി. റിലയൻസ് ഹോം ഫിനാൻസിന്റെ മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്.
ഇതോടെ വിപണിയിൽ ലിസ്റ്റ് ചെയ്ത കന്പനികളടെ ഡയറക്ടറാകാനോ മറ്റ് ഉയർന്ന സ്ഥാനങ്ങൾ വഹിക്കാനോ അനിൽ അംബാനിക്കു കഴിയില്ല. റിലയൻസ് ഹോം ഫിനാൻസിനെ ആറു മാസത്തേക്കു വിലക്കി. ആറു ലക്ഷം രൂപ പിഴ ചുമത്തി.
പിഴ വിധിച്ചതിനു പിന്നാലെ അനിൽ അംബാനിയുടെ കന്പനികളുടെ ഓഹരികൾക്ക് ഇന്നലെ വൻ തകർച്ച നേരിട്ടു. കന്പനിയുടെ 55 ലക്ഷത്തിലധികം ഓഹരികൾ വിൽക്കാൻ ഇടപാടുകാർ മുന്നോട്ടുവന്നെങ്കിലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. അനിലിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ലിമിറ്റഡിന്റെ ഓഹരികൾക്കും വലിയ തിരിച്ചടിയാണ് നേരിട്ടത്. അടുത്തിടെ തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ച ഓഹരിയാണിത്.
ആർഎച്ച്എഫ്എലിലെ പ്രധാന മാനേജർമാരുടെ ഒത്താശയോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനിൽ അംബാനി ആസൂത്രണം ചെയ്തതായി 222 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. അനിൽ ധീരുഭായ് അംബാനി (എഡിഎ) ഗ്രൂപ്പിന്റെ ചെയർപേഴ്സൺ എന്ന സ്ഥാനവും റിലയൻസ് ഹോം ഫിനാൻസിലെ ഓഹരി ഉടമസ്ഥതയും അനിൽ അംബാനി തട്ടിപ്പു നടത്താൻ ഉപയോഗിച്ചു. അനിൽ അംബാനിയുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കു വായ്പ നല്കുന്നുവെന്ന വ്യാജേനയാണു ഫണ്ട് വകമാറ്റിയതെന്നു സെബി റിപ്പോർട്ടിൽ പറയുന്നു.
റിലയൻസ് ഹോം ഫിനാൻസിന്റെ ഉന്നത ഉദ്യോഗസ്ഥരായ അമിത് ബാപ്ന, രവീന്ദ്ര സുധാൽക്കർ, പിങ്കേഷ് ആർ. ഷാ എന്നിവർ ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിന് അനിൽ അംബാനിയെ സഹായിച്ചത്. ബപ്നയ്ക്ക് 27 കോടി രൂപയും സുധാൽക്കറിന് 26 കോടിയും ഷായ്ക്ക് 21 കോടി രൂപയും സെബി പിഴ ചുമത്തി.
റിലയൻസ് യൂണികോൺ എന്റർപ്രൈസസ്, റിലയൻസ് എക്സ്ചേഞ്ച് നെക്സ്റ്റ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് ക്ലീൻജെൻ, റിലയൻസ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോൾഡിംഗ്, റിലയൻസ് ബിഗ് എന്റർടെയ്ൻമെന്റ് എന്നിവയ്ക്കും വിലക്കിനു പുറമേ 25 കോടി രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.