ഓണവിപണിയിൽ അഞ്ചു കോടിയുടെ കച്ചവടം ലക്ഷ്യമിട്ട് ഹാൻവീവ്
Saturday, August 17, 2024 1:18 AM IST
കണ്ണൂർ: ഓണം റിബേറ്റ് വിപണനത്തിന്റെ ഭാഗമായി കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റും തെരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് 10 ശതമാനം മുതൽ 70 ശതമാനം വരെ പ്രത്യേക കിഴിവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇത്തവണ അഞ്ചുകോടിയുടെ വിപണനമാണ് ലക്ഷ്യമിടുന്നത്. 23 മുതൽ സെപ്റ്റംബർ 14 വരെയുള്ള 23 ദിവസങ്ങളിലാണ് റിബേറ്റും പ്രത്യേക കിഴിവും നൽകുന്നത്.
ഖാദി ഉത്പന്നങ്ങളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയതുപോലെ കൈത്തറി ഉത്പന്നങ്ങൾക്കു ചുമത്തിയ ജിഎസ്ടി ഒഴിവാക്കി ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കണമെന്ന് ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിലെ മലപ്പട്ടത്തും ചിറ്റാരിപ്പറന്പിലും എറണാകുളം ജില്ലയിലും പുതിയ ഷോറൂമുകൾ ആരംഭിക്കും. ഹാൻവീവ് വികസനത്തിന് കേരള ബാങ്കിൽനിന്ന് എട്ടുകോടി വായ്പയെടുക്കുമെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ അരുണാചലം സുകുമാർ, കമ്പനി സെക്രട്ടറി അരുൺ അഗസ്റ്റിൻ, ചീഫ് ഫിനാൻഷൽ ഓഫീസർ സുനിൽ മാത്യു, മാർക്കറ്റിംഗ് മാനേജർ ഒ.കെ. സുദീപ്, പ്രൊഡക്ഷൻ മാനേജർ ഇൻ-ചാർജ് വി. ഷാജി, കണ്ണൂർ റീജണൽ മാനേജർ ഇൻ-ചാർജ് ടി.കെ. സലീം എന്നിവരും പങ്കെടുത്തു.